Kerala School Holiday: കനത്ത മഴ, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala School Holiday: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ്.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 16) അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ , കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികള്‍, നഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജൂൺ 16 തിങ്കളാഴ്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർഗോഡ് ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു.
ALSO READ: അതിതീവ്ര മഴ; മണ്ണിടിച്ചിൽ ഭീഷണിയിൽ കാസർഗോഡ്, നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുകയാണ്. മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടർന്ന് കാറ്റാംകവലയില്‍ നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 22 പേരെ പറമ്പ എല്‍പി സ്കൂളിലേക്കും, പനത്തടി കുണ്ടുപള്ളിയിലുള്ള രണ്ടു കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും മാറ്റി.