Fish Price Hike: അയല 500 രൂപ, മത്തിക്കും പൊള്ളും വില; സമാധാനത്തോടെ മീൻ കഴിക്കാൻ ജൂലൈ കഴിയണം!
Kerala Fish Price Hike: മീൻ വില കുതിക്കുന്നത് കാരണം, സാധാരണക്കാർ മീൻ വാങ്ങുന്നത് കുറച്ചുവെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടൽ വ്യാപാരികൾ മീൻ വാങ്ങുന്നതു മാത്രമാണ് ആശ്വാസം. കച്ചവടം കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനവും ലഭിക്കുന്നില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റുകളിൽ മത്സ്യങ്ങളിൽ വന്ന വില വർധനവിനെ കുറിച്ച് വിശദമായി പരിശോധിക്കാം.....

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു. വിവിധ മാർക്കറ്റുകളിൽ മൂന്നൂറ് രൂപയ്ക്ക് മുകളിലാണ് ഒരു കിലോ മീനിന് വില വരുന്നത്. ജനപ്രിയ മത്സ്യ ഇനങ്ങളായ അയലയ്ക്കും മത്തിക്കും കിളിമീനിനുമെല്ലാം വില കൂടിയതോടെ സാധാരണക്കാർക്ക് തിരിച്ചടിയായി. മീൻ വില കൂടിയതോടെ ഉണക്ക മീനിനും ഡിമാൻഡ് കൂടി. നിലവിൽ കേരളത്തിലെ മാർക്കറ്റുകളിൽ മത്സ്യങ്ങളിൽ വന്ന വില വർധനവിനെ കുറിച്ച് വിശദമായി പരിശോധിക്കാം…..
ട്രോളിങ് നിരോധനവും മീൻ വിലയും
കേരള തീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത് മുതലാണ് മീൻ വിലയിൽ വൻ കുതിപ്പ് ഉണ്ടായത്. അയലയ്ക്ക് 350 രൂപയും മത്തിക്കു 340 രൂപയും കിളിമീനിനു 440 രൂപയുമാണ് കിലോയ്ക്ക് വില. എന്നാൽ, അയലയ്ക്ക് അഞ്ഞൂറ് രൂപ വരെ കൊടുക്കേണ്ടി വരുന്ന മാർക്കറ്റുകളും ഉണ്ട്. ഞാറയ്ക്കലില്‍ മത്തി 350 രൂപ കടന്നു. കൊച്ചിയില്‍ 400 രൂപയും. ഓണ്‍ലൈന്‍ വിപണിയില്‍ വില ഉയര്‍ന്ന് 500 എത്തി. കിളിമീന്‍ വില 480-500 നിലവാരത്തിലാണ് പലയിടത്തും വിൽക്കുന്നത്.
അയലയ്ക്കും മത്തിക്കുമാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. അതിനോടൊപ്പം ചാള, ചെമ്മീന്‍, ആവോലി എന്നിവയുടെ വില ഇരട്ടിയായി വര്‍ധിച്ചതായി വ്യാപാരികൾ പറയുന്നു. വിവിധ മാർക്കറ്റുകളിലെ വില അനുസരിച്ച് വേളൂരിക്ക് 360 രൂപയും, കൊഴുവയ്ക്ക് 240 രൂപയുമാണ് വില. ചെമ്മീനിനും കരിമീനിനും വില 500ൽ എത്തി. കേര 450, തിലാപ്പിയ 340 രൂപ നിരക്കിലാണ് വിൽക്കുന്നത്.
ALSO READ: ബീഫ് കഴിച്ചാല്‍ പോക്കറ്റ് കീറും; വിലക്കയറ്റം അതിരൂക്ഷം, 9 ദിവസത്തേക്ക് കടകള്‍ അടച്ചു
പ്രതിസന്ധിയിൽ വ്യാപാരികൾ
മീൻ വില കുതിക്കുന്നത് കാരണം, സാധാരണക്കാർ മീൻ വാങ്ങുന്നത് കുറച്ചുവെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടൽ വ്യാപാരികൾ മീൻ വാങ്ങുന്നതു മാത്രമാണ് ആശ്വാസം. കച്ചവടം കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനവും ലഭിക്കുന്നില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മീൻ വില കൂടിയതോടെ പലരും ചിക്കൻ, ബീഫ് തുടങ്ങിയ മാംസ്യങ്ങളിലേക്ക് തിരിഞ്ഞു. ഇത് തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്ന് വ്യാപാരികൾ പറയുന്നു. അടുത്തയാഴ്ചയോടെ ട്രോളിങ് നിരോധനം ഇല്ലാതാകുന്നതോടെ പച്ചമീന്റെ വരവ് കൂടുമെന്നും ഇതോടെ മീൻ വില വർധനവിന് തടയിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ട്രോളിങ് നിരോധനം
ജൂൺ ഒമ്പത് മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചത്. 52 ദിവസം നീളുന്ന ട്രോളിംഗ് ജൂലൈ 31 അർധരാത്രി വരെ തുടരും. അതുകൊണ്ട് തന്നെ മീൻ വില കുറയണമെങ്കിൽ ജൂലൈ കഴിയുന്നത് വരെ കാത്തിരിക്കണം. വ ളരെ ചെറിയ കണ്ണികളുള്ള ട്രോളിങ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം ഏർപ്പെടുത്തിയത്. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിങ് നിരോധനം.
വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് സമയത്തും മീൻപിടിക്കാൻ കടലിൽ പോകാവുന്നതാണ്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൺസൂൺ കാലത്ത് മീനുകൾ മുട്ടയിട്ട് പെരുകുന്നത് 0 മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള തീരക്കടലിലാണ്. ഈ സ്ഥലം സംരക്ഷിക്കാൻ വേണ്ടിയാണ് വലിയ ട്രോളറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
English Summary:
Fish prices are rising sharply across Kerala, with many popular varieties now costing more than ₹300 per kilogram in several markets. Commonly consumed fish such as mackerel, sardine, and kilimeen have seen significant price increases, creating a burden for ordinary consumers.