Extreme Poverty-Free State: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ചരിത്ര പ്രഖ്യാപനം ഇന്ന് വൈകിട്ട്
Kerala Extreme Poverty-Free State: സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പിണറായി വിജയൻ പ്രഖ്യാപിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവർ മുഖ്യാതിഥികളായി എത്തും.
തിരുവനന്തപുരം: അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം. ചരിത്ര നേട്ടത്തിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും. തുടർന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പിണറായി വിജയൻ പ്രഖ്യാപിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവർ മുഖ്യാതിഥികളായി എത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിപാടിയിലേക്ക് ക്ഷണിക്കും. പരിപാടിയ്ക്കിടെ കലാവിരുന്നും അരങ്ങേറും.പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. തലസ്ഥാനത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
Also Read: ‘കേരളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം’; കേരളപ്പിറവി ആശംസകളുമായി ഗവർണർ
നീതി ആയോഗിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2021-ൽ ജനസംഖ്യയുടെ 0.7 ശതമാനം മാത്രമായിരുന്നു. അതിജീവനത്തിന് ഭക്ഷണം, ആരോഗ്യം, സുരക്ഷിത വാസസ്ഥലം, വരുമാനം എന്നിവയില്ലാത്തവരെയാണ് അതിദരിദ്രര്‍ എന്ന് പറയുന്നത്. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടില്ല. ഇവർക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ പോലുള്ള രേഖകളും ഉണ്ടായിരിക്കില്ലെന്നും അവര്‍ക്ക് അതിജീവിനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്നും എംബി രാജേഷ് പറഞ്ഞു.
ഇത് ഒരു സുപ്രാഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും . 2021 തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനമാണിതെന്നും എംബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.