Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
Kerala Heavy Rain Travel Ban: മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതായി അധികൃതർ അറിയിച്ചു. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടതെന്ന് അധികാരികൾ അറിയിച്ചു.

പ്രതീകാത്മക ചിത്രം
ഇടുക്കി: മഴ കനത്തതോടെ മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും ശക്തമാകുന്നു. ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രകൾ പൂർണമായും നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം നിലനിൽക്കുന്നത്. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതായി അധികൃതർ അറിയിച്ചു. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടതെന്ന് അധികാരികൾ അറിയിച്ചു.
ALSO READ:ന്യൂനമർദ്ദം ശക്തമാകുന്നു! ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഇന്നും മഴ കനക്കും
ഇടുക്കിയിൽ ഇപ്പോഴും ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. നേര്യമംഗലം – വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും മഴ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്നും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ശക്തമായ മഴയെത്തുടർന്ന് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുകയാണ്. തുടർന്ന് ഇത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നത്തോടെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമാകും. അതുകൂടാതെ സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാധ്യത. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ സെപ്റ്റംബർ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary:
Traffic Control on hilly routes is strictly prohibited between 7:00 PM and 6:00 AM to prevent casualties from potential landslides, falling rocks, and uprooted trees due to heavy rain alert.