Kannur Robbery murder: 30 പവനും നാലുലക്ഷം രൂപയും കാണാതായി, ഒപ്പം കണ്ണൂരിൽ നിന്ന് കാണാതായ കർണാടക സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ
Kerala Kalyad Robbery Case Takes a Twist: വെള്ളിയാഴ്ച രാവിലെയാണ് ദർഷിത മകൾ അരുന്ധതിയോടൊപ്പം കർണാടകയിലെ ഹുൻസൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയത്.
കണ്ണൂർ: കല്യാട് ചുങ്കസ്ഥാനത്ത് വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയ സംഭവത്തിലെ യുവതിയെ കർണാടകയിലെ മൈസുരു സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കല്യാട് സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ദർഷിതയുടെ സുഹൃത്തും കർണാടക പെരിയപട്ടണം സ്വദേശിയുമായ സിദ്ധരാജുവിനെ (22) സാലിഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സിദ്ധരാജു ദർഷിതയെ ഇലക്ട്രിക് ഡിറ്റനേറ്റർ ഉപയോഗിച്ച് ഷോക്കേൽപിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ദർഷിത മകൾ അരുന്ധതിയോടൊപ്പം കർണാടകയിലെ ഹുൻസൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയത്. ഭർത്താവ് സുഭാഷ് വിദേശത്താണ്. ദർഷിതയോടൊപ്പം വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവ് സുമതയും ഭർതൃസഹോദരൻ സൂരജും രാവിലെ ജോലിക്ക് പോയിരുന്നു. ദർഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകുന്നേരം സുമത തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
Also read – അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ കൂടുന്നു, വടക്കന്‍ കേരളത്തില്‍ അതീവജാഗ്രത
സംഭവത്തെ തുടർന്ന് പോലീസ് ദർഷിതയെ ഫോണിൽ ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ദർഷിതയുടെ ഫോൺ ലൊക്കേഷൻ മാറിക്കൊണ്ടിരുന്നത് പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് പോലീസ് ഹുൻസൂരിലേക്ക് പോകാനൊരുങ്ങുന്നതിനിടയിലാണ് കൊലപാതക വിവരം ലഭിച്ചത്.
കൊലപാതകത്തിലും മോഷണത്തിലും സിദ്ധരാജുവിന് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദർഷിതക്ക് രണ്ടരവയസ്സുള്ള ഒരു മകളുണ്ട്.