Kerala Local Body Election Result 2025: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം, ആദ്യ ഫലസൂചന 8.30ന്; തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാം?
All You Need to Know About How To Kerala Local Body Election Results 2025: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണുന്നത്. ആദ്യ ഫലസൂചന രാവിലെ 8.30-ഓടെ. തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാമെന്ന് പരിശോധിക്കാം

Kerala Local Body Election 2025
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ എണ്ണും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. കൗണ്ടിങ് ടേബിളിലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകളും, സ്‌പെഷ്യല്‍ ടാഗുകളും കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ത്ഥികളുടെയോ കൗണ്ടിങ്, തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം വോട്ടെണ്ണല്‍ തുടങ്ങും.
വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. തുടര്‍ന്ന് ഇവിഎം വോട്ടുകള്‍ എണ്ണും. സ്ഥാനാര്‍ത്ഥിയുടെയോ അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാകും ഓരോ ടേബിളിലും വോട്ടെണ്ണുന്നത്.
ഫലം എപ്പോള്‍ അറിയാം?
ആദ്യ ഫലസൂചന രാവിലെ 8.30-ഓടെ അറിയാം. ഉച്ചയോടെ പൂര്‍ണമായ ഫലം ലഭ്യമാകും. വിജയത്തിനു ശേഷം നടത്തുന്ന ആഹ്ലാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും മിതത്വം പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
- പൊതുനിരത്തുകള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കരുത്
- പടക്കം പൊട്ടിക്കുന്നതും, വെടിക്കെട്ടും നിയമാനുസൃതമായി മാത്രം നടത്തുക
- ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ-പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിധിയെഴുതിയത് 21079609 പേര്‍
ഏറ്റവുമധികം പേര്‍ വോട്ട് ചെയ്തത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലാണ്. ഇത്തവണ 21079609 വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്തത്. 2020ല്‍ പേരാണ് 21005743 വോട്ട് ചെയ്തത്. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുകള്‍ ഇത്തവണ വര്‍ധിച്ചു. 2020ല്‍ 27656910 പേരാണ് വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ 28607658 സമ്മതിദായകര്‍ പട്ടികയിലുണ്ടായിരുന്നു.
| വർഷം | ആകെ വോട്ടര്‍മാര്‍ | വോട്ട് ചെയ്തവര്‍ | ശതമാനം |
| 2025 | 28607658 | 21079609 | 73.69 |
| 2020 | 27656910 | 21005743 | 75.95 |
| 2015 | 25108536 | 19524397 | 77.76 |
| 2010 | 24012535 | 18326367 | 76.32 |
| 2005 | 23705440 | 16984236 | 70.35 |
| 2000 | 22504328 | 14873110 | 66.09 |
| 1995 | 20508855 | 15074169 | 73.5 |
(വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്)
തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാം?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ സെറ്റില്‍ നിന്നും തത്സമയം ഫലം അറിയാം. ഫലം തത്സമയം അറിയുന്നതിന് താഴെ പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കാം. കൂടാതെ ടിവി 9 മലയാളത്തിലും തത്സമയ വിശദാംശങ്ങള്‍ ലഭ്യമാണ്.