AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election: വിഴിഞ്ഞം തിരുവനന്തപുരത്തിൻ്റെ വിധി നിശ്ചയിക്കും, ഇനി സ്പെഷ്യൽ ഇലക്ഷൻ, ജനുവരി 12 ന് എന്ത് സംഭവിക്കും?

Kerala local body special elections announced: നേരത്തെ ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.

Kerala Local Body Election: വിഴിഞ്ഞം തിരുവനന്തപുരത്തിൻ്റെ വിധി നിശ്ചയിക്കും, ഇനി സ്പെഷ്യൽ ഇലക്ഷൻ, ജനുവരി 12 ന് എന്ത് സംഭവിക്കും?
Kerala Local Body ElectionImage Credit source: പിടിഐ
aswathy-balachandran
Aswathy Balachandran | Published: 18 Dec 2025 15:46 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തിരഞ്ഞെടുപ്പിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും സമയക്രമവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

വിഴിഞ്ഞം വിധി നിർണയിക്കും

 

തിരുവനന്തപുരം കോർപ്പറേഷൻ ഭരണചക്രത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ അതോ പ്രതിപക്ഷം കൂടുതൽ കരുത്താർജ്ജിക്കുമോ എന്ന് തീരുമാനിക്കുന്ന ഫൈനൽ മത്സരമായി വിഴിഞ്ഞം വാർഡിലെ സ്പെഷ്യൽ ഇലക്ഷൻ മാറിയിട്ടുണ്ട്. നിലവിൽ 100 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 50 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. 101 അംഗ കോർപ്പറേഷനിൽ ഭരണം ഉറപ്പിക്കാൻ വേണ്ടത് 51 സീറ്റുകളാണ്.

Also read – കണ്ണൂർ മേയറായി പി.ഇന്ദിര; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

വിഴിഞ്ഞത്ത് ജയിച്ചാൽ ബിജെപിക്ക് 51 സീറ്റുകളാകും. ഇതോടെ മറ്റ് പാർട്ടികളുടെയോ സ്വതന്ത്രരുടെയോ പിന്തുണയില്ലാതെ അഞ്ച് വർഷം സുഗമമായി ഭരിക്കാൻ ബിജെപിക്ക് സാധിക്കും. എൽഡിഎഫോ യുഡിഎഫോ ഈ സീറ്റ് പിടിച്ചെടുത്താൽ ബിജെപിയുടെ ഭൂരിപക്ഷം 50-ൽ തന്നെ നിൽക്കും. കേവല ഭൂരിപക്ഷമില്ലാതെ ഭരണം കൊണ്ടുപോകുന്നത് ബിജെപിക്ക് വെല്ലുവിളിയാകും. സ്വതന്ത്രരുടെ നിലപാടും അപ്പോൾ നിർണ്ണായകമാകും.

തിരഞ്ഞെടുപ്പ് കലണ്ടർ 2026

 

2026 ജനുവരി 12 തിങ്കളാഴ്ച, രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജനുവരി 13 ചൊവ്വാഴ്ച, രാവിലെ 10 മുതൽ വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 24 ആണ്.
സൂക്ഷ്മപരിശോധന ഡിസംബർ 26നു പൂർത്തിയാക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29.

 

പ്രത്യേകതകൾ

നേരത്തെ ഡിസംബർ 9, 11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. എന്നാൽ പുതുതായി മത്സരരംഗത്തേക്ക് വരാൻ താല്പര്യമുള്ളവർക്ക് ഡിസംബർ 24 വരെ പത്രിക നൽകാം. മുൻപ് പത്രിക പിൻവലിച്ചവർക്ക് വീണ്ടും മത്സരിക്കണമെന്നുണ്ടെങ്കിൽ പുതുതായി നാമനിർദ്ദേശം സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തങ്ങളുടെ ചെലവ് കണക്കുകൾ 2026 ഫെബ്രുവരി 12-നകം അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണ്ണമായും, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.