Milma Price Hike : പാൽവില കൂട്ടും, പക്ഷെ ഇപ്പോഴല്ല…. തീരുമാനങ്ങൾ അറിയിച്ച് മന്ത്രി ചിഞ്ചുറാണി
Kerala Milma Milk Price Hike Confirmed: എത്ര രൂപയാണ് വർധിപ്പിക്കുക എന്നതിനെക്കുറിച്ച് മന്ത്രി നിലവിൽ വ്യക്തമായ സൂചന നൽകിയിട്ടില്ല. സാധാരണയായി ലിറ്ററിന് 4 രൂപ മുതൽ 6 രൂപ വരെ വർധിപ്പിക്കാനുള്ള ആവശ്യങ്ങളാണ് മിൽമ മുന്നോട്ട് വെക്കാറുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഉടൻ വില കൂട്ടേണ്ടതില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ വില വർധന നടപ്പിലാക്കുന്നത് ഉചിതമല്ലെന്നാണ് സർക്കാർ നിലപാട്. വില വർധിപ്പിക്കുന്നത് സംബന്ധിച്ച് മിൽമ (MILMA) ഔദ്യോഗികമായി നിർദേശം സർക്കാരിന് മുന്നിൽ വെച്ചാൽ അത് ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Also read – പേര് വോട്ടർ പട്ടികയിലുണ്ടോ? തിരഞ്ഞെടുപ്പു കമ്മിഷന്റെ ക്യൂ ആർ കോഡ് ചിലർക്ക് ശരിയാകും ചിലർക്കില്ല
“പാൽവില കുറച്ച് വർധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാൽ കൂടുതൽ വർധിപ്പിക്കാൻ അനുവദിക്കില്ല. ഈ വില വർധനയുടെ പ്രധാന ലക്ഷ്യം ക്ഷീരകർഷകരെ സഹായിക്കുക എന്നതാണ്,” മന്ത്രി പറഞ്ഞു.
എത്ര രൂപ വർധിക്കും?
എത്ര രൂപയാണ് വർധിപ്പിക്കുക എന്നതിനെക്കുറിച്ച് മന്ത്രി നിലവിൽ വ്യക്തമായ സൂചന നൽകിയിട്ടില്ല. സാധാരണയായി ലിറ്ററിന് 4 രൂപ മുതൽ 6 രൂപ വരെ വർധിപ്പിക്കാനുള്ള ആവശ്യങ്ങളാണ് മിൽമ മുന്നോട്ട് വെക്കാറുള്ളത്. സർക്കാരിൻ്റെ അന്തിമ അനുമതിക്ക് ശേഷമേ മിൽമയ്ക്ക് വില വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ.
പാലിന് വില വർധിക്കുന്നതോടെ മിൽമയുടെ തൈര്, വെണ്ണ, നെയ്യ് ഉൾപ്പെടെയുള്ള എല്ലാ പാൽ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധനവ് ഉണ്ടാകും. ഇതിനൊപ്പം സ്വകാര്യ പാൽ ഉത്പാദകരും വില കൂട്ടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ കർഷകർ കാലിത്തീറ്റയുടെയും മറ്റ് ഉത്പാദന ചെലവുകളുടെയും വർധനവ് കാരണം കടുത്ത പ്രതിസന്ധിയിലാണ്. അതിനാൽ, കർഷകർക്ക് ഉയർന്ന സംഭരണ വില ലഭിക്കുന്നതിനായി പാൽ വിൽപന വില കൂട്ടണമെന്ന ആവശ്യം മിൽമ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.