Driving License: മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമോ? സത്യമെന്ത്; വ്യക്തത വരുത്തി എംവിഡി
Kerala MVD Warn Fake News Alert: സെപ്റ്റംബർ 25-നകം ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന രീതിയിലാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നത്. ഇത്തരം വാർത്തകളിൽ കഴമ്പില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഈ വാർത്ത തികച്ചും വ്യാജമാണെന്നാണ് എംവിഡി അറിയിക്കുന്നത്. സെപ്റ്റംബർ 25-നകം ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന രീതിയിലാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നത്. ഇത്തരം വാർത്തകളിൽ കഴമ്പില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇതിനായി അവസാന തീയതിയോ സമയപരിധിയോ വകുപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി എവിടെയും അറിയിച്ചിട്ടില്ല എന്നതാണ് സത്യം. ഫേസ്ബുക്കിലാണ് എംവിഡി ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.
ALSO READ: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമം വരുന്നു! വിദഗ്ധ സമിതി കരട് ബിൽ സമർപ്പിച്ചു
ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജമാണെങ്കിലും, മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസിൽ കൃത്യമായ മൊബൈൽ നമ്പർ നൽകേണ്ടത് ആവശ്യമാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് സ്വയം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംവിഡിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജോ വെബ്‌സൈറ്റോ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മൊബൈൽ നമ്പർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
- ഓഫീസുകളിൽ കയറാതെ തന്നെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ പൊതുജനങ്ങൾക്ക് ഓൺലൈനായി മാറ്റാവുന്നതാണ്.
- അതിനായി ആദ്യം തന്നെ sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ സ്വന്തമായി നമ്പർ അപ്‌ഡേറ്റ് ചെയ്യാം.
- എന്തെങ്കിലും കാരണത്താൽ ഓൺലൈനായി ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയാകും.
- ഫൈൻ, ചലാൻ നോട്ടീസുകൾ, ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ തുടങ്ങിയ സേവനങ്ങളുടെ അപ്‌ഡേറ്റുകൾ ഒടിപി വഴിയും എസ്എംഎസ് വഴിയും കൃത്യമായി ലഭിക്കാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് ഉപകരിക്കും.
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
English Summary:
Kerala MVD dismisses viral rumors claiming driving licenses will be cancelled if mobile numbers are not updated before september 25. Read the official clarification and reality here.