NH 744 Expansion: ചിന്നക്കട – ഇടമൺ ദേശീയപാത 744 നാലുവരിപ്പാത തന്നെ ആക്കണം, സർക്കാർ പ്രൊപ്പോസലിനെതിരേ വിമർശനം
Kerala NH744 four lane: കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാതയെ ഇടുങ്ങിയ റോഡായി നിലനിർത്തുന്നത് ഭാവിയിലെ ഗതാഗത ആവശ്യങ്ങളെ അട്ടിമറിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി.
കൊച്ചി: കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ദേശീയപാത 744 (NH 744) നാലുവരിപ്പാതയായി തന്നെ വികസിപ്പിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. ഈ പാതയെ വെറും 10 മീറ്റർ വീതിയുള്ള റോഡായി ചുരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രൊപ്പോസൽ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വികസനമല്ല, മറിച്ച് ദീർഘവീക്ഷണമില്ലാത്ത “വികസന വഞ്ചന” ആണെന്നും എം.പി കുറ്റപ്പെടുത്തി.
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാതയെ ഇടുങ്ങിയ റോഡായി നിലനിർത്തുന്നത് ഭാവിയിലെ ഗതാഗത ആവശ്യങ്ങളെ അട്ടിമറിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി. കൊല്ലം തുറമുഖം, വ്യവസായ മേഖലകൾ, ശബരിമല തീർത്ഥാടന പാത എന്നിവയെല്ലാം ആശ്രയിക്കുന്ന ഈ റോഡ് 10 മീറ്ററായി ചുരുക്കിയാൽ കടുത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകും.
കൊട്ടാരക്കര, കുന്നിക്കോട് തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിൽ ബൈപ്പാസുകൾ നിർമ്മിക്കുന്നത് അനിവാര്യമാണ്. നഗരമധ്യത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന വിരുദ്ധ നിലപാടിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, വരാനിരിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.