Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Kerala rail boost major projects get green signal: അങ്കമാലി-എരുമേലി ശബരി പാതയുടെ കാര്യമെടുത്താൽ ചിലവ് പങ്കിടുന്ന കാര്യത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ പശ്ചാത്തലത്തിൽ പാത തിരുവനന്തപുരം വരെ നീട്ടാനുള്ള നിർദ്ദേശവും സജീവമാണ്.

Railway Track
കൊച്ചി: സംസ്ഥാനത്തെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന റെയിൽവേ പദ്ധതികൾക്ക് പുതിയ വേഗം ലഭിക്കുന്നു. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ, ശബരി പാത, ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈൻ തുടങ്ങിയ പദ്ധതികളിലെ തടസ്സങ്ങൾ നീങ്ങുന്നതായാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിലും ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
23-ന് സുപ്രധാന പ്രഖ്യാപനങ്ങൾ
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തും. റെയിൽവേയുടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ചങ്ങനാശ്ശേരി, ഷൊർണൂർ, കുറ്റിപ്പുറം ഉൾപ്പെടെ നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചടങ്ങിൽ ഉണ്ടായേക്കും എന്നാണ് സൂചന.
തീരദേശ പാത ഇരട്ടിപ്പിക്കൽ ഉടൻ
എറണാകുളം-അമ്പലപ്പുഴ തീരദേശ പാതയിലെ ഇരട്ടിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തുറവൂർ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്തിന് 430 കോടി രൂപയും, ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് 313 കോടി രൂപയുമാണ് എസ്റ്റിമേറ്റ്.
റെയിൽവേയുടെ പ്രാഥമിക അനുമതി ലഭിച്ച പദ്ധതിക്ക് ഒരു മാസത്തിനകം അന്തിമാനുമതി ലഭിക്കും. എറണാകുളം മുതൽ തുറവൂർ വരെയുള്ള ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ
അങ്കമാലി-എരുമേലി ശബരി പാതയുടെ കാര്യമെടുത്താൽ ചിലവ് പങ്കിടുന്ന കാര്യത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വിഴിഞ്ഞം പദ്ധതിയുടെ പശ്ചാത്തലത്തിൽ പാത തിരുവനന്തപുരം വരെ നീട്ടാനുള്ള നിർദ്ദേശവും സജീവമാണ്. ഗുരുവായൂർ-തിരുനാവായ വിഷയത്തിൽ 30 വർഷമായി മരവിപ്പിക്കപ്പെട്ട ഈ ലൈൻ പുനരുജ്ജീവിപ്പിക്കാൻ ദക്ഷിണ റെയിൽവേ ശുപാർശ നൽകിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ 45 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ വിഹിതവും പുതിയ പദ്ധതികളും ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് റെയിൽവേ മന്ത്രാലയവും യാത്രക്കാരും.