Kerala Rain Alert: അലര്‍ട്ടുകളില്ലെങ്കിലും മഴ തുടരും; ഓരോ ജില്ലകളിലെയും സാധ്യതകള്‍ ഇങ്ങനെ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Kerala Weather Alert: കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല

Rain
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 5) എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നേരിയതോ, മിതമായതോ ആയ മഴ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. എന്നാല്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ഡിസംബര്‍ എട്ട് വരെയുള്ള മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഡിസംബര്‍ എട്ട് വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. പ്രത്യേക അലര്‍ട്ടുകളില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം.
ശബരിമലയിലും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ഇന്നും നാളെയും നിലക്കലും, സന്നിധാനത്തും, പമ്പയിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ പെയ്‌തേക്കാമെനന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യം തണുത്തുവിറയ്ക്കും?
അതേസമയം, ഡിസംബറായതോടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ തണുപ്പ് പ്രതീക്ഷിക്കാം. ഡൽഹി, ഹരിയാന, പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ‘ശീതതരംഗ’ങ്ങള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: ഡൽഹിയിൽ താമസിക്കുന്നത് ഒരു ദിവസം 14 സിഗരെട്ട് വലിക്കുന്നതിന് തുല്യം; ബെംഗളൂരുവിലോ?
മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വരാനിരിക്കുന്ന മാസങ്ങളിൽ താപനില സാധാരണ മുതൽ സാധാരണയിലും താഴെയാകാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണയിലും കൂടുതൽ താപനില പ്രതീക്ഷിക്കുന്നു.
മധ്യ, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഈ സീസണിൽ ശീതതരംഗങ്ങൾ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രസ്താവനയില്‍ വിശദീകരിച്ചത്.
ചുഴലിക്കാറ്റ് ഇഫക്ട്
അടുത്തിടെ ആഞ്ഞടിച്ച സെന്‍യാര്‍, ഡിറ്റ്‌വ ചുഴലിക്കാറ്റുകള്‍ അത്ര ശക്തമായിരുന്നില്ലെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ചുഴലിക്കാറ്റുകള്‍ മൂലമുണ്ടായ മഴ കാര്യമായ നാശനഷ്ടമുണ്ടാക്കി. മലാക്ക കടലിടുക്കിൽ ഉത്ഭവിച്ച സെൻയാർ ചുഴലിക്കാറ്റ് അസാധാരണമായിരുന്നു. ആ പ്രദേശത്ത് അടുത്തിടെ ചുഴലിക്കാറ്റുകൾ ഉണ്ടായതായി രേഖകളൊന്നുമില്ല. ശ്രീലങ്കയിൽ സാധാരണയായി അധികം ചുഴലിക്കാറ്റുകൾ ഉണ്ടാകാറില്ല. പക്ഷേ ഡിറ്റ്‌വ ചുഴലിക്കാറ്റ് മൂലമുണ്ടായ മഴ കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.