Kerala Rain Alert: പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാനിർദ്ദേശം
Kerala Rain Alert For November 11: സംസ്ഥാനത്ത് മഴ തുടരും. ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിന് സമീപം പുതുതായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കാരണം. സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മഴസാധ്യത പ്രവചിക്കപ്പെടുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട, ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ മാസം 14 വരെ മഴ തുടരുമെന്നതാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 12 മുതൽ 14 വരെ ഒരു ജില്ലയിലും അലർട്ടുകളില്ല. എന്നാൽ, ഈ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. നേരിയതോ ഇടത്തരമോ ആയ മഴയാണ് പ്രതീക്ഷിക്കാവുന്നത്.