Kerala Rain Alert: ഇന്ന് തെക്കന്‍ ജില്ലകളില്‍, നാളെ മധ്യകേരളത്തില്‍; മിന്നലിന്റെ അകമ്പടിയോടെ മഴ ഇരച്ചെത്തും
Kerala Rain Revised Alert 10-11-2025: കേരളത്തില്‍ മഴ ശക്തമാകും. കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ വീതം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തെക്കന്‍ ജില്ലകളില്‍ മാത്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ നാളെ മധ്യജില്ലകളിലേക്ക് കൂടി മുന്നറിയിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നാളെയും മഞ്ഞ അലര്‍ട്ടുണ്ട്. ഒപ്പം എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴ പ്രതീക്ഷിക്കാം.
നവംബര്‍ 14 വരെയുള്ള മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നിലവില്‍ പുറപ്പെടുവിച്ചത്. 12 മുതല്‍ 14 വരെ ഒരു ജില്ലയിലും അലര്‍ട്ടുകളില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ഈ കാലയളവില്‍ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ഐഎംഡി വരും മണിക്കൂറുകളില്‍ പുറത്തിറക്കുന്ന അറിയിപ്പുകളില്‍ മുന്നറിയിപ്പില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം പിന്തുടരുക.
കനത്ത മഴ
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ (7-11 സെന്റീമീറ്റർ) രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലാണ് ശക്തമായ മഴ പെയ്തത്. ഇന്നും നാളെയും കേരളത്തിലും മാഹിയിലും, ഇന്ന് ലക്ഷദ്വീപിലും 12, 13 തീയതികളിൽ തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഐഎംഡിയുടെ ട്വീറ്റ്
Realised weather during past 24 hours ending at 0830 hours IST of today, the 10th November, 2025:
❖ Heavy rainfall (7- 11 cm) has been recorded at isolated places over Kerala
❖ Cold wave to severe cold wave conditions prevailed in isolated pockets of West Madhya Pradesh and… pic.twitter.com/y64QensiO5
— India Meteorological Department (@Indiametdept) November 10, 2025
ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ട് ജാഗ്രത പുലര്‍ത്തണം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്ന് ഐഎംഡി വ്യക്തമാക്കി.
കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ വീഡിയോ കാണാം