Kerala Rain Alert: മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നു, പൂമല ഡാം ഷട്ടറുകള്‍ തുറക്കമെന്ന് മുന്നറിയിപ്പ്; പ്രദേശവാസികൾ ജാഗ്രത പുലർത്തണം
Poomala Dam Shutters Likely to Open: ജലനിരപ്പ് 28 അടിയായി ഉയരാൻ ഇടയായാൽ ഷട്ടറുകൾ അടിയന്തരമായി തുറക്കുമെന്നും മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

തൃശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂമല ഡാമിൻറെ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഡാം തുറക്കുന്ന സാഹചര്യത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഡാമിന്റെ പരമാവധി ജലനിരപ്പെന്ന് പറയുന്നത് 29 അടിയാണ്. ഇതിൽ ജലനിരപ്പ് 27 അടിയായി ഉയർന്നത് കണക്കിലെടുത്താണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായി ഉയരാൻ ഇടയായാൽ ഷട്ടറുകൾ അടിയന്തരമായി തുറക്കുമെന്നും മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അതേസമയം, ഇന്ന് (ജൂൺ 3) വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ (ജൂൺ 5) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ്.
ALSO READ: മഴ പോയിട്ടില്ല, ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ, നാളെ 7 ജില്ലയിൽ അലർട്ട്
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ – മധ്യ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.