Student Haircut Issue: മുടി വെട്ടിയില്ല; കൊല്ലത്ത് 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി
Kollam School Haircut Issue: വിദ്യാർത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മുടി വെട്ടാത്തതിന്റെ പേരിൽ ആരേയും പുറത്താക്കിയിട്ടില്ലെന്നും സ്ഥിരമായി വൈകി വരുന്ന കാരണത്താലാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന് കാണിച്ച് പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്തുനിർത്തിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികളാണ് പരാതി ഉയർത്തിയത്. ഇന്ന് കട അവധി ആയതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും സ്‌കൂൾ അധികൃതർ സമ്മതിച്ചില്ലെന്നാണ് ആരോപണം.
ഇത് കാരണം മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. എന്നാൽ, വിദ്യാർത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മുടി വെട്ടാത്തതിന്റെ പേരിൽ ആരേയും പുറത്താക്കിയിട്ടില്ലെന്നും സ്ഥിരമായി വൈകി വരുന്ന കാരണത്താലാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ട് ഉണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നും സമാനമായ പരാതി ഉയർന്നിരുന്നു. മുടി വെട്ടിയ രീതി ശരിയല്ലെന്ന കാരണത്താൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മണിക്കൂറുകളോളം ക്ലാസിൽ കയറ്റാതെ പുറത്ത് നിർത്തിയെന്നായിരുന്നു പരാതി. സ്കൂളിൻ്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടി എന്ന് പറഞ്ഞാണ് രാവിലെ ക്ലാസിൽ കയറുന്നതിൽ നിന്നും വിദ്യാർത്ഥിയെ വിലക്കിയത്.
ALSO READ: പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ കൊലപ്പെടുത്തി; സംഭവം പൊള്ളാച്ചിയിൽ
അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥിയാണ് അധികൃതർക്കെതിരെ ഇന്നലെ പരാതിയുമായി രംഗത്തെത്തിയത്. സംഭവം ചർച്ചയായതോടെ, തെറ്റുപറ്റി എന്നും ഇനി ആവർത്തിക്കില്ലന്നും സ്കൂൾ അധികൃതർ ഉറപ്പ് നൽകി. ഇതിന് ശേഷമാണ് നിയമ നടപടിക്ക് ഒരുങ്ങിയ രക്ഷിതാവ് പരാതി പിൻവലിച്ചത്.