Kerala Rain Alert: മഴ കൂടുതല്‍ ശക്തമാകും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്
IMD revises weather warning and issues orange alert in two districts of Kerala today: ഇന്ന് രണ്ട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് രണ്ടാം തവണയാണ് കാലാവസ്ഥ മുന്നറിയിപ്പ് പരിഷ്‌കരിക്കുന്നത്.
Kerala latest weather update: കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് രണ്ടാം തവണയാണ് കാലാവസ്ഥ മുന്നറിയിപ്പ് പരിഷ്‌കരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ഈ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വൈകിട്ട് നാല് മണിയോടെ പത്തനംതിട്ടയിലും, ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുകളില്ലെങ്കിലും ഇടത്തരം മഴ പ്രതീക്ഷിക്കാം.
ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറില്‍ 115.6-204.4 മില്ലിമീറ്റര്‍ വരെ) സാധ്യതയുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്.
വടക്കന്‍ ജില്ലകളിലാണ് ഇന്നും നാളെയും കാര്യമായ മുന്നറിയിപ്പുകളില്ലാത്തത്. എന്നാല്‍ 27ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 27ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 27ന് ശേഷം മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ത വകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.
ജാഗ്രത നിർദേശം
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവരും ജാഗ്രത പാലിക്കണം.
അപകടാവസ്ഥയുണ്ടെങ്കില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. മഴ ശക്തമായാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ജലാശയങ്ങള്‍ക്ക് അടുത്തുള്ള റോഡുകളിലൂടെ പോകുമ്പോഴും ജാഗ്രത വേണം. അപകടസാധ്യതയുണ്ടെന്ന് തോന്നിയാല്‍ സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാം.