Snake Bite Death: പാമ്പുകടിയേറ്റ് മരിച്ചത് 86 പേരെന്ന് വനംവകുപ്പ്, ആരോഗ്യവകുപ്പിന് 4 പേർ മാത്രം
Kerala Snakebite Death Toll Date: ചൂട് കനത്തതോടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തൃശ്ശൂർ കോടാലിയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് വയസുകാരൻ ആൽജോയാണ് മരിച്ചത്. ഉറങ്ങി കിടന്നപ്പോൾ ആൽജോയ്ക്കും സഹോദരനും കടിയേൽക്കുകയായിരുന്നു. ആൽജോയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനിടെ കണക്കുകളിൽ പൊരുത്തകേടുമായി വനം-ആരോഗ്യ വകുപ്പുകൾ. വനംവകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 86 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം അത് നാല് പേർ മാത്രമാണെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
പാമ്പുവിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈഡ് ഡിസീസസ്) ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പിന് ഇല്ലെന്ന ആരോപണം ഉയരുകയാണ്. 2024ൽ ഒരാളും 25ൽ 3 പേരും മാത്രമാണ് മരിച്ചതെന്നും 2023ൽ മരണങ്ങളൊന്നുമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, വനംവകുപ്പ് റിപ്പോർട്ട് പ്രകാരം, 2023–24 വർഷങ്ങളിൽ 34 പേരും 2024–25ൽ 34 പേരും 2025–26ൽ 18 പേരുമാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
അതേസമയം, ചൂട് കനത്തതോടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തൃശ്ശൂർ കോടാലിയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് വയസുകാരൻ ആൽജോയാണ് മരിച്ചത്. ഉറങ്ങി കിടന്നപ്പോൾ ആൽജോയ്ക്കും സഹോദരനും കടിയേൽക്കുകയായിരുന്നു. ആൽജോയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്നുള്ള ദിവസങ്ങളിലും ആൽജോയുടെ വീട്ടിൽ നിന്ന് വിഷ പാമ്പുകളെ കണ്ടെടുത്തിരുന്നു.
ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷാൽ, കായംകുളം സ്വദേശി സലീന എന്നിവരാണ് തൊട്ടടുത്ത ദിവസം മരിച്ചത്. ദിക്ഷാലിനെയും ഉറക്കത്തിലാണ് കടിച്ചത്. വിവാഹ സൽകാരം കഴിഞ്ഞ് തിരിച്ച് മടങ്ങാൻ വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് സലീനയെ പാമ്പ് കടിച്ചത്. കണ്ണൂർ സ്വദേശി നബീസയ്ക്ക് വീട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഇടുക്കിയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ALSO READ: കണ്ണുതെറ്റിയാല്‍ പോയി! ജീരക സോഡയില്‍ പാമ്പ്
തിരുവനന്തപുരത്ത് മാത്രം അഞ്ച് പേർക്കാണ് ഇന്നലെ പാമ്പ് കടിയേറ്റത്. അതേസമയം, ഇത്തരത്തിൽ മരണം കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. ചൂട് കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിൽ പരിസരത്തും എത്തുന്നതാണ് അപകടത്തിന് കാരണം. വീടിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. വീട്ടുപരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കുക. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടരുത്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകൾ
കോഴിക്കോട് കുറ്റ്യാടി സ്വദേശി രമേശിന്റെ വീട്ടിൽ നിന്ന് അഞ്ച് പാമ്പുകളെയാണ് പിടി കൂടിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽ പെട്ട പാമ്പുകളെയാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ കുട്ടികളെ മാറ്റിയതിനാൽ വലിയൊരു അപകടം ഒഴിവായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് പാമ്പുകളെ കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടയിലൂടെയോ അകത്ത് കേറിയതാകാം എന്നാണ് നിഗമനം. പിടി കൂടിയ പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.
അതേസമയം, പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ജാഗ്രത നിർദേശം നൽകി. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.