Kerala Weather: ജാഗ്രത! ഈ അബദ്ധങ്ങൾ ജീവന് ഭീഷണി! തുലാവർഷത്തിനൊപ്പം ഇടിമിന്നലും ശക്തം, ഇവ ശ്രദ്ധിക്കുക
Kerala Thunderstorm Alert: ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ തുലാവർഷം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് ഉണ്ടായത്. മഴയ്ക്ക് ഒപ്പം തന്നെ ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടുന്നുണ്ട്. മഴയിലും ഇടിമിന്നലിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇടിമിന്നൽ ജീവന് തന്നെ ഭീഷണിയാണ്. ശനിയാഴ്ച കോഴിക്കോട് പുല്ലാളൂരിൽ മിന്നലേറ്റ് യുവതി മരണപ്പെട്ടിരുന്നു. വീടിന്റെ വരാന്തയിൽ ഇരിക്കുന്ന യുവതിക്കാണ് മിന്നലേറ്റത്.
കൂടാതെ പാലക്കാട് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വയനാട്ടിലും നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 11 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നൽ ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
1. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
2. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് വീടിന്റെ ടെറസിലേക്കോ മുറ്റത്തേക്കോ തുണികൾ എടുക്കാനും മറ്റുമായി പോകരുത്.
3. വീട്ടിലെ ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. മിന്നലിൽ സ്വയം വൈദ്യര് കട്ട് ആകുന്ന സംവിധാനം വീടുകളുടെ വയറിങ് വേളയിൽ തന്നെ ഉൾപ്പെടുത്തുക.
4. കനത്ത മിന്നൽ ഉള്ളപ്പോൾ വീടിന്റെ ജനലും വാതിലും അടച്ചിടേണ്ടത് അനിവാര്യമാണ്. ജനാലയ്ക്കും വാതിലിൽ അരികിലും നിൽക്കരുത്.
5. തുറസായ സ്ഥലങ്ങളിലോ മരത്തിന്റെ ചുവട്ടിലോ നിൽക്കരുത്. വാഹനങ്ങൾ അടച്ച് അതിനുള്ളിൽ ഇരിക്കുക തുറന്ന വാഹനങ്ങളിൽ മിന്നൽ ഏൽക്കാനുള്ള സാധ്യതയുണ്ട്.
6. മിന്നലുള്ള സമയത്ത് കുളിക്കുന്നതോ ജലാശയങ്ങളിൽ ഇറങ്ങുന്നതോ അപകടസാധ്യത വർദ്ധിക്കും.
7. ഉയരം കൂടിയ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തുക.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടി ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.