Kerala Weather Update: ചുട്ടുപൊള്ളി കേരളം, ആശ്വാസമഴ ഈ ജില്ലകളിൽ
Kerala Rain Alert: അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 6 സ്റ്റേഷനുകൾ ഓറഞ്ച് അലർട്ടും അഞ്ച് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യുവി സൂചിക എട്ട് മുതൽ പത്ത് വരെ രേഖപ്പെടുത്തുന്ന, അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് നൽകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വൈകുന്നേരത്തിനുള്ളിൽ ആലപ്പുഴ ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും ഇന്നും നാളെയും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. ഇടിമിന്നൽ ജാഗ്രത നിർദേശവും കഴിഞ്ഞ ദിവസം നൽകിയിരുന്നു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് താപനില ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 6 സ്റ്റേഷനുകൾ ഓറഞ്ച് അലർട്ടും അഞ്ച് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യുവി സൂചിക എട്ട് മുതൽ പത്ത് വരെ രേഖപ്പെടുത്തുന്ന, അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് നൽകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ സൂചിക പ്രകാരം, പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം – കളമശ്ശേരി, തൃശൂർ – ഒല്ലൂർ, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി എന്നീ സ്റ്റേഷനുകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.
ALSO READ: എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത; ഇടിമിന്നലും ഉറപ്പ്; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.