Kerala Rain alert: വീണ്ടും മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത
Kerala Weather Update: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
Kerala Rain Alert Image Credit source: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രത പുലർത്തേണ്ടതുണ്ട്.
വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:
- ജൂലൈ 12, ശനിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ജൂലൈ 13, ഞായറാഴ്ച: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ജൂലൈ 14, തിങ്കളാഴ്ച: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മഴയും കാറ്റുമുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
- കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
- കാറ്റ് വീശിത്തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുക.
- വീടിന്റെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കണം.
- ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുണ്ട്. കാറ്റും മഴയുമില്ലാത്ത സമയത്ത് ഇവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യണം. കാറ്റും മഴയുമുള്ളപ്പോൾ ഇവയുടെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
- ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള വസ്തുക്കൾ കയറുപയോഗിച്ച് കെട്ടി വെക്കണം.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് (2025 ജൂലൈ 11) രാവിലെ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരുന്നു.