Kerala Weather Update: മഴ മാറിയില്ലേ? തണുത്ത് വിറച്ച് മലയോര ജില്ലകൾ; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…
Kerala Rain Alert: ശബരിമലയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് പതിവില്ലാത്ത തണുപ്പ് അനുഭവപ്പെടുകയാണ്.സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും രേഖപ്പെടുത്തുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ വെള്ള അലർട്ടാണ്. ശബരിമലയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം കേരളത്തിലെ വിവിധ ജില്ലകളിൽ തണുപ്പും വർദ്ധിക്കുകയാണ്. ഡിസംബര്‍ പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് പതിവില്ലാത്ത തണുപ്പ് അനുഭവപ്പെടുകയാണ്.സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും രേഖപ്പെടുത്തുന്നത്.
സാധാരണ തീരദേശ ജില്ലകളില്‍ ഈ സമയത്ത് രാത്രി അനുഭവപ്പെടുന്ന പരമാവധി കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തീരദേശത്ത് താപനില 18 ഡിഗ്രി വരെയാണ് താഴ്ന്നത്. വരുംദിവസങ്ങളിലും തണുപ്പ് ഉയർന്നേക്കുമെന്നാണ് സൂചന.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
മഴ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതി നിർദേശം നൽകിയിട്ടുണ്ട്. 18-ാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.