Kerala Weather Update: പൊള്ളുന്ന വെയിലിനിടെ മഴ മുന്നറിയിപ്പ്; കള്ളക്കടൽ സാധ്യത, ഈ ജില്ലകളിൽ ജാഗ്രത
Kerala Weather Update Today: ഇന്ന് നാല് ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്. അതേസമയം വടക്കൻ കേരളം മുതലുള്ള മിക്ക ജില്ലകളിലും ചൂട് അതിശക്തമായാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരം; സംസ്ഥാനത്ത് പൊള്ളുന്ന (Kerala Weather Update) വേനൽചൂടിനിടയിലും നേരിയ ആശ്വാസമായി മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതിനിടെ കള്ളക്കടൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ 14ന് ഉച്ചയ്ക്ക് 02.30 മുതൽ 16ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം.
ALSO READ: സൂര്യൻ കലിപ്പിൽ! കേരളം ചുട്ടുപൊള്ളുന്നു; ഉടനെങ്ങും മഴയില്ല, കാലാവസ്ഥ ഇങ്ങനെ
ഇന്ന് നാല് ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്. അതേസമയം വടക്കൻ കേരളം മുതലുള്ള മിക്ക ജില്ലകളിലും ചൂട് അതിശക്തമായാണ് അനുഭവപ്പെടുന്നത്. ഉയർന്ന താപനില മുന്നറിയിപ്പെന്നോണം ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മാർച്ച് 13ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.