Kerala Weather Update: കൊടുംചൂടിൽ വലയേണ്ട, ഇവിടെയെല്ലാം മഴ എത്തും; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം കൂടുകയാണ്. എന്നാൽ അതിനിടെയും നേരിയ മഴ ലഭിക്കുന്നത് ചെറിയ ആശ്വാസം നൽകുന്നുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്ത് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിൽ നിലവിൽ കനത്ത ചൂടും ഇടയ്ക്കിടെ മഴയുമെത്തുന്ന സമ്മിശ്ര കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം കൂടുകയാണ്. എന്നാൽ അതിനിടെയും നേരിയ മഴ ലഭിക്കുന്നത് ചെറിയ ആശ്വാസം നൽകുന്നുണ്ട്.
അതേസമയം, അൾട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂന്നാറിൽ അതീവ ജാഗ്രത നിർദേശം നൽകി, ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴ മുന്നറിയിപ്പ്
മാർച്ച് 11 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
മാർച്ച് 12 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
മാർച്ച് 13 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
മാർച്ച് 14 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ALSO READ: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
കൊടുംചൂടിനെ പ്രതിരോധിക്കാം
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.