Kerala Weather Updates: ജൂലൈ രണ്ടുമുതൽ ശക്തമായ മഴ, ഈ ജില്ലകളിൽ യെല്ലോ അലേർട്ട്; കാലാവസ്ഥ പ്രവചനം ഇങ്ങനെ…
Kerala Weather Updates: വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രണ്ട്, മൂന്ന്, നാല് തീയതികളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ഇന്നും നാളെയും അലേർട്ടില്ല.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രണ്ട്, മൂന്ന്, നാല് തീയതികളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ഇന്നും നാളെയും അലേർട്ടില്ല.
രണ്ടാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും മൂന്നാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർകോടിലും നാലിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതും തെക്കൻ രാജസ്ഥാനും വടക്കൻ ഗുജറാത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണം.
ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.