Kerala Social Security Pension: പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്
Pension Mustering temporary Restricted: അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻകാർക്ക് വേണ്ടിയുള്ള വാർഷിക മസ്റ്ററിങ് നടക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മസ്റ്ററിങ് ചെയ്യാൻ കഴിയില്ലേ എന്ന സംശയം പലരിലും ഉയരുന്നുണ്ട്.
അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം
ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും മസ്റ്ററിങിന് വലിയ രീതിയിൽ തടസ്സമുണ്ടാകില്ല. സെർവർ തടസ്സവും സാങ്കേതിക തകരാറുകളും ഒഴിവാക്കുന്നതിനായി ഒരു അക്ഷയ കേന്ദ്രത്തിൽ പരമാവധി രണ്ട് കമ്പ്യൂട്ടറുകൾ മാത്രം മസ്റ്ററിങ്ങിനായി ഉപയോഗിച്ചാൽ മതിയെന്നാണ് ഐടി വകുപ്പിന്റെ വാക്കാൽ ലഭിച്ച നിർദ്ദേശം.
പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പെൻഷൻ മസ്റ്ററിങ് വേഗത്തിലാക്കണമെന്ന് പ്രാദേശിക ജനപ്രതിനിധികളും എഎൽഎഎമാരും ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിലവിൽ ഇത് പ്രായോഗികമാക്കാൻ സാധിക്കുന്നില്ല. ഒരേസമയം കൂടുതൽ കമ്പ്യൂട്ടറുകളിൽ നിന്ന് പോർട്ടലിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സെർവർ പൂർണ്ണമായും തകരാറിലാകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ALSO READ: എൽപിജി വിലയും ബാങ്കിംഗ് നിയമങ്ങളും മാറും; ഓഗസ്റ്റിൽ പോക്കറ്റ് കീറുമോ?
മസ്റ്ററിങ്- ശ്രദ്ധിക്കേണ്ടവ
- അഞ്ച് തരം സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വാങ്ങുന്ന ഗുണഭോക്താക്കൾക്കാണ് നിലവിൽ മസ്റ്ററിങ് നടക്കുന്നത്.
- 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.
- വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
- അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ആധാർ പ്രകാരമുള്ള ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം / ഐറിസ്) നൽകി മസ്റ്ററിങ് നടത്താം.
- അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപയാണ് നിർദ്ദിഷ്ട സർവീസ് ചാർജ്.
- ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കിടപ്പിലായവർക്കും വയോധികർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിനായി അക്ഷയ പ്രവർത്തകർക്ക് 50 രൂപ സർവീസ് ചാർജ് നൽകണം.
മസ്റ്ററിങ് എന്തിനാണ് നടത്തുന്നത്?
സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.
English Summary:
Kerala government’s annual mustering process for social security pension beneficiaries has encountered temporary restrictions at Akshaya Centres due to storage limitations in the National Informatics Centre system. As a result, Akshaya Centres have been instructed to limit the number of beneficiaries processed each day until the technical issue is resolved.