BIS Certification: ഇന്ത്യയിലെ ആദ്യ ബിഐഎസ് അംഗീകൃത പോലീസ് സ്റ്റേഷൻ കേരളത്തിലോ…ചരിത്രനേട്ടത്തിലേക്ക് അർത്തുങ്കലും
Kerala's Arthunkal Police Station : സംസ്ഥാനത്ത് ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ അംഗീകാരം ശ്രദ്ധേയമാണ്.
ആലപ്പുഴ: രാജ്യത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) അംഗീകാരം. ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പോലീസ് സ്റ്റേഷനാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പരാതി പരിഹാരം, അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിലെ മികവാണ് അംഗീകാരത്തിന് കാരണം.
രണ്ട് ഘട്ടങ്ങളായി നടന്ന ഓഡിറ്റിന് ശേഷമാണ് ഈ സർട്ടിഫിക്കേഷൻ. BIS സതേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്ന സംസ്ഥാന പോലീസ് മേധാവി രവദാ എ. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് കൈമാറി. ചെർത്തല ASP ഹരീഷ് ജെയിൻ IPS ആരംഭിച്ച ‘മോഡേണൈസ്ഡ് ചെർത്തല പോലീസ് പ്രോഗ്രാമി’ന്റെ ഭാഗമായാണ് ഈ നേട്ടം.
കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, ക്രമസമാധാന പരിപാലനം, ട്രാഫിക് മാനേജ്‌മെന്റ്, അടിയന്തര പ്രതികരണം, പൊതുജന പരാതി പരിഹാരം എന്നീ മേഖലകളിൽ സ്റ്റേഷന്റെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെട്ടു. ഇത് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കും സർക്കാർ നയങ്ങൾക്കും അനുസൃതമായി കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതായി കണ്ടെത്തി.
സംസ്ഥാനത്ത് ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ അംഗീകാരം ശ്രദ്ധേയമാണ്. അടുത്തിടെ നടന്ന ഹർത്താലിലെ പോലീസിന്റെ നടപടികളും, കേരള യൂണിവേഴ്സിറ്റിയിലെ സംഘർഷത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ പോലീസിനെ മർദ്ദിച്ചപ്പോൾ പോലീസ് നോക്കിനിന്നതും വിമർശിക്കപ്പെട്ടിരുന്നു.