Kloo app: യാത്രയ്ക്കിടെ വൃത്തിയുള്ള ടോയ്ലറ്റ് നോക്കി നടക്കേണ്ട… പുതിയ ആപ്പുമായി ശുചിത്വ മിഷന്‍
Kerala's Suchitwa Mission Launches New App: ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ പ്രത്യേക വിഭവങ്ങൾ , മറ്റ് സൗകര്യങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തും.
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അടുത്തുള്ള വൃത്തിയുള്ള പൊതു-സ്വകാര്യ ശുചിമുറികൾ എളുപ്പത്തിൽ കണ്ടെത്താനായി കേരള ശുചിത്വ മിഷൻ ‘ക്ലൂ’ (Kloo – Kerala Loo) എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ശുചിത്വ മിഷൻ്റെയും കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ്റെയും (KHRA) സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമാണിത്. റിയൽ ടൈം അപ്‌ഡേറ്റുകളോടെയുള്ള കൃത്യമായ സ്ഥലവിവരങ്ങൾ മാപ്പിൽ ലഭ്യമാക്കും.
ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ആപ്പിൽ രേഖപ്പെടുത്തും. കൂടാതെ ഉപയോക്താക്കൾക്ക് ശുചിമുറിയുടെ വൃത്തി സംബന്ധിച്ച റേറ്റിംഗും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
Also read – ജോലിസമയം കഴിഞ്ഞും ബോസ് വിളിച്ചാൽ ഫോൺ എടുക്കണം, റൈറ്റ് ടു ഡിസ്‌കണക്ടിന്റെ പേരിൽ വ്യാജ പ്രചരണം
ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ പ്രത്യേക വിഭവങ്ങൾ , മറ്റ് സൗകര്യങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തും. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങളും മറ്റ് പൊതുശുചിമുറികളും യാത്രക്കാരുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം.
ഫ്രൂഗൽ സൈൻ്റിഫിക് (Frugal Scientific) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ‘ക്ലൂ’ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉടൻ ലഭ്യമാകും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ ഈ മാസം (ഒക്ടോബർ) 28 മുതൽ ആരംഭിക്കും.