AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kilimanur Accident: കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു, ഇന്ന് വകുപ്പുതല നടപടി

Kilimanoor Accident:അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. അതേസമയം സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനിൽ കുമാർ ഇന്ന് സമർപ്പിക്കും.

Kilimanur Accident: കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു, ഇന്ന് വകുപ്പുതല നടപടി
രാജന്‍Image Credit source: social media
sarika-kp
Sarika KP | Published: 15 Sep 2025 06:44 AM

തിരുവനന്തപുരം: കിളിമാനൂരിൽ കാൽനടക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ചഒ അനിൽ കുമാറിനെ പ്രതിചേർത്തു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നി‍ർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ അനിൽകുമാറിനെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. അതേസമയം സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനിൽ കുമാർ ഇന്ന് സമർപ്പിക്കും.

റോഡിലൂടെ നടന്നുപോകുകയായിരുന്ന കിളിമാനൂര്‍ സ്വദേശി രാജനെയാണ് (59) ആണ് അനിൽകുമാറിന്റെ വാഹനമിടിച്ചത്. ഇതിനു ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്ന രാജനെ ആറ് മണിയോടെ നാട്ടുകാരാണ് കണ്ടത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് സംഭവം.

Also Read:കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കാല്‍നടക്കാരൻ മരിച്ച സംഭവം; ഇടിച്ചിട്ട കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. അപകടശേഷം ഈ വാഹനം വര്‍ക്ക‍്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായുള്ള വിവരവും പുറത്തുവന്നു. ഇതോടെ അനിൽ കുമാർ തന്നെയാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമായി. സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്‍റെ വിശദീകരണം.

ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് കഴിഞ്ഞ ഞായറാഴ്ച പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.