Viral video: ഓണം അമ്മാവൻ തൂക്കി…. ബസിൽ തനിക്കുനേരെയുണ്ടായ അതിക്രമത്തിൻറെ വിഡിയോ പങ്കുവച്ച് കണ്ടൻറ് ക്രിയേറ്റർ
video alleging a harassment experience on a KSRTC bus: വീഡിയോക്ക് താഴെ യുവതിക്ക് പിന്തുണയുമായി ധാരാളം പേർ രംഗത്തെത്തി. അതേസമയം, യുവതി എന്തുകൊണ്ട് ഉടൻ പ്രതികരിച്ചില്ല എന്ന ചോദ്യമുയർത്തിയവർക്ക് മറുപടിയുമായി അവർ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു.
കൊച്ചി: കെഎസ്ആർടിസി ബസ്സിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ബസ്സിൽ അടുത്തിരുന്ന മധ്യവയസ്‌കനായ സഹയാത്രികൻ മോശമായി നോക്കിയെന്നാണ് യുവതിയുടെ ആരോപണമെന്നു മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യുവതി തന്റെ മൊബൈലിൽ പകർത്തിയ വീഡിയോയിൽ, സെറ്റു സാരി ധരിച്ച അവർ ബസ്സിൽ ഇരിക്കുന്നതും അതേ സീറ്റിലിരുന്ന സഹയാത്രികൻ മോശമായ രീതിയിൽ നോക്കുന്നതും കാണാം. യുവതി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാൾ നോട്ടം തുടർന്നു. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടിയെന്നും അവർ പറയുന്നു.
ഈ സംഭവം വസ്ത്രധാരണത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതാണെന്ന് യുവതി പറയുന്നു. ‘പല സംഭവങ്ങളിലും വസ്ത്രധാരണമാണ് പ്രശ്‌നമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഞാൻ ഈ റീൽ പോസ്റ്റ് ചെയ്യുന്നത്! ഈ വീഡിയോയിൽ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഇനി പറയൂ, ഞാൻ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണോ കുഴപ്പം അതോ ആളുകൾ അത് എങ്ങനെ കാണുന്നു എന്നതാണോ?’ യുവതി കുറിച്ചു.
വീഡിയോക്ക് താഴെ യുവതിക്ക് പിന്തുണയുമായി ധാരാളം പേർ രംഗത്തെത്തി. അതേസമയം, യുവതി എന്തുകൊണ്ട് ഉടൻ പ്രതികരിച്ചില്ല എന്ന ചോദ്യമുയർത്തിയവർക്ക് മറുപടിയുമായി അവർ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു. താൻ പ്രതികരിക്കുകയും അയാൾ ഇറങ്ങിപ്പോകുകയും ചെയ്തതായി യുവതി വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. കൂടാതെ, തന്റെ മറ്റ് വീഡിയോകൾ വെച്ച് ആളുകൾ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.