Kochi Ship Accident: മീൻ കഴിക്കുന്നവരേ… ആ ശീലം നിർത്തിക്കോളൂ, മുങ്ങിയ കപ്പലിലെ കണ്ടെയ്നറിലുള്ള കാൽസ്യം കാർബൈഡ് പ്രശ്നമുണ്ടാക്കാം
Kochi coast MSC ELSA 3 cargo ship sinking impact : ഇത് തീരപ്രദേശങ്ങൾക്കും രക്ഷാപ്രവർത്തകർക്കും ഭീഷണിയാണ്. കാൽസ്യം കാർബൈഡ് അല്ലെങ്കിൽ അതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വാതകം മനുഷ്യരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
കൊച്ചി: കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട് മുങ്ങിയ MSC എൽസ 3 (MSC ELSA 3) എന്ന ലൈബീരിയൻ ചരക്ക് കപ്പലിൽ കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ ഉണ്ടായിരുന്നു എന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന ഏകദേശം 12-13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ കണ്ടെയ്നറിനും ഏകദേശം 22 ടൺ ഭാരമുണ്ട്. ഇതിനെല്ലാം പുറമേ ആശങ്കയിലാണ് മീൻ കഴിക്കുന്നവർ. ഇത് മത്സ്യം കഴിക്കുന്നവരേ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
കാൽസ്യം കാർബൈഡ് വെള്ളവുമായി കലരുമ്പോൾ
കാൽസ്യം കാർബൈഡ് വെള്ളവുമായി കലരുമ്പോൾ ഉണ്ടാകുന്ന അസറ്റിലീൻ വാതകം വൻതോതിലുള്ള പൊട്ടിത്തെറിക്ക് കാരണമാകുന്നതാണ്. ഇത് തീരപ്രദേശങ്ങൾക്കും രക്ഷാപ്രവർത്തകർക്കും ഭീഷണിയാണ്. കാൽസ്യം കാർബൈഡ് അല്ലെങ്കിൽ അതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വാതകം മനുഷ്യരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
അതായത് തലവേദന, തലകറക്കം, ദഹന പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദീർഘകാല സമ്പർക്കത്തിൽ കാൻസർ പോലും ഉണ്ടാക്കാം. കപ്പലിൽ നിന്ന് ഡീസലും ഫർണസ് ഓയിലും ചോർന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
മത്സ്യങ്ങളും കക്കയിറച്ചികളും ഈ രാസവസ്തുക്കളുമായും എണ്ണകളുമായും സമ്പർക്കത്തിൽ വന്നാൽ, വിഷാംശങ്ങൾ അവയുടെ ശരീരത്തിൽ കലരാം. ഇങ്ങനെയുള്ള മലിനമായ കടൽ വിഭവങ്ങൾ കഴിക്കുന്നത് മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം എന്നാണ് വിലയിരുത്തൽ. ഇത് തടയാൻ അധികാരികൾ മത്സ്യം ബന്ധനത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവത്തോടെ താറുമാറായ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വീണ്ടെടുക്കാൻ വർഷങ്ങൾ എടുത്തേക്കാം. ഇത് മത്സ്യ സമ്പത്തിൽ ദീർഘകാലത്തേക്ക് കുറവുണ്ടാക്കുകയും പ്രാദേശിക മത്സ്യബന്ധനത്തിൻ്റെ സുസ്ഥിരതയെയും കടൽ വിഭവങ്ങളുടെ ലഭ്യതയെയും ബാധിക്കുകയും ചെയ്യും.
ബയോമാഗ്നിഫിക്കേഷൻ
പ്രകൃതിയിലുണ്ടാകുന്ന മലിനീകരണത്തിന്റെ ഫലം പല ജീവികളിലൂടെ തിന്നും തിന്നപ്പെട്ടും മനുഷ്യരിലേക്ക് എത്തുമ്പോൾ അതായത് ഭക്ഷ്യശ്യംഖലയുടെ ഉയർന്ന തലത്തിലേക്ക് എത്തുമ്പോൾ വിഷാംശം കൂടുന്ന പ്രതിഭാസമാണ് ബയോമാഗ്നിഫിക്കേഷൻ.
ബയോ മാഗ്നിഫിക്കേഷനിലൂടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കൾക്ക് അടിയന്തിരമായി രോഗങ്ങളുണ്ടാക്കണമെന്നില്ല. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ കരളിന് കേടുപാടുകൾ, നാഡീവ്യൂഹ പ്രശ്നങ്ങൾ, പ്രത്യുത്പാദന പ്രശ്നങ്ങൾ, ചിലപ്പോൾ ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാവാം. ഇവിടെ കടലിലെത്തിയ വിഷാംശത്തിന്റെ ഫലം ചെറു മത്സ്യങ്ങളിലൂടെ വലിയ മത്സ്യത്തിലെത്തി അത് മനുഷ്യനിലെത്തുമ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെക്കുമെന്ന് വിദഗ്ധർ പറയുന്നു.