ഡോക്ടർക്ക് മർദ്ദനം: നടി അതുല്യക്കും നടൻ ബിപിൻ പെരുമ്പള്ളിക്കും ജാമ്യമില്ല, ഡോക്ടർ ഒളിവിൽത്തന്നെ
Kochi Doctor Assault Case: ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിൽ കടവന്ത്ര പൊലീസ്. പിടിയിലായ മൂന്ന് പേർക്ക് പുറമേ, ഡോക്ടറെ ആക്രമിച്ച കേസിൽ ഇനി 9 പേർ കൂടി പിടിയിലാകാനുണ്ട്. അതേസമയം മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയതോടെ, ജാമ്യം തേടി മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നടിയും സംഘവും.
കൊച്ചി: ഡോക്ടറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിൻറെ ആവശ്യം അംഗീകരിച്ച്, എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് കടവന്ത്ര പൊലീസ്. പിടിയിലായ മൂന്ന് പേർക്ക് പുറമേ, ഡോക്ടറെ ആക്രമിച്ച കേസിൽ ഇനി 9 പേർ കൂടി പിടിയിലാകാനുണ്ട്. അതേസമയം മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയതോടെ, ജാമ്യം തേടി മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നടിയും സംഘവും.
അതേസമയം നടിയും സംഘവും മർദ്ദിച്ചെന്ന് കേസ് നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മർദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50 വയസുകാരി ഡോക്ടർക്കെതിരേ പീഡന പരാതി നൽകിയിരുന്നു. ഒളിവിൽപ്പോയ ഡോക്ടർ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഡോക്ടറെ മർദിച്ച കേസിൽ അറസ്റ്റിലായവർ, ഡോക്ടറുടെ ഫോൺ പോലീസിന് കൈമാറിയിരുന്നു. ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ ഈ മൊബൈൽ ഫോണിൽ നിന്ന് പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡോക്ടർ സ്വന്തം ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു എന്ന നിർണായക കണ്ടെത്തലാണ് പോലീസിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
വീഡിയോയിലുള്ള യുവതികളെ ഡോക്ടർ ഭീഷണിപ്പെടുത്തിയിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ പരാതി നൽകിയിരിക്കുന്ന സ്ത്രീ മുൻപ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. പരാതിക്കാരിയെ, ഒക്ടോബർ 10-ന് വൈകിട്ട് 7.30ന് ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിന് സമീപത്തുനിന്ന് ഡോക്ടർ സ്വന്തം കാറിൽ കയറ്റിക്കൊണ്ടു പോകുകയും അടുത്തുള്ള ബാറിലെത്തിച്ച് മദ്യം നൽകി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി.
കുടുംബത്തിലെ മറ്റൊരംഗം വഴി നടി ഇക്കാര്യങ്ങൾ അറിഞ്ഞു. ഇതോടെയാണ് നടി ഡോക്ടറെ ബന്ധപ്പെടുന്നതെന്നും ഡോക്ടർ തന്റെ ബന്ധുവിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി സുഹൃത്തുക്കൾ കൂടിയായ നടനെയും അദ്ദേഹത്തിന്റെ സഹായികളേയും വിളിച്ചുകൂട്ടുകയായിരുന്നുവെന്നും പറയപ്പെടുന്നു. തുടർന്നാണ് ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവമടക്കം ഉണ്ടായത് എന്നാണ് വിവരം.
English Summary
The bail plea of actress Athulya Chandran, Bipin Perumpally, and their associate Vishnu, who were arrested in connection with the assault on a doctor, has been rejected. The Ernakulam Judicial First Class Magistrate Court denied the bail, accepting the police’s argument that the investigation is in its preliminary stages and that the accused need to be taken into custody for interrogation.