Kochi Sky Metro: പകുതി ചെലവിൽ ഇരട്ടി വേഗത! കൊച്ചിയിൽ സ്കൈ മെട്രോ എത്തുമോ?
Kochi Sky Metro Project: പരമ്പരാഗത എലിവേറ്റഡ് മെട്രോ നിർമ്മിക്കാൻ കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ, തൂങ്ങിക്കിടക്കുന്ന പോഡുകൾ ഉപയോഗിക്കുന്ന സ്‌കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് ഇ. ശ്രീധരൻ വ്യക്തമാക്കുന്നു.
കൊച്ചി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രണ്ടാം ഘട്ട നിർമാണങ്ങളും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ, മെട്രോമാൻ ഇ. ശ്രീധരൻ സ്കൈ മെട്രോ സാധ്യത കൂടി ചൂണ്ടിക്കാണിക്കുകയാണ്. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് സ്‌കൈ മെട്രോ എന്ന നൂതന ഗതാഗത സംവിധാനമാണ് അദ്ദേഹം നിർദേശിച്ചത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി സ്കൈ മെട്രോ
9 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെ വെറും 15 മിനിറ്റിനുള്ളിൽ മട്ടാഞ്ചേരിയിൽ നിന്ന് സൗത്ത് സ്റ്റേഷനിൽ എത്താൻ സാധിക്കും. പരമ്പരാഗത എലിവേറ്റഡ് മെട്രോ നിർമ്മിക്കാൻ കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ, തൂങ്ങിക്കിടക്കുന്ന പോഡുകൾ ഉപയോഗിക്കുന്ന സ്‌കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് ഇ. ശ്രീധരൻ വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന നിർമ്മാണച്ചെലവും നികുതി ഭാരവും കണക്കിലെടുക്കുമ്പോൾ, താരതമ്യേന യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ ഇത്തരം ചെലവ് കുറഞ്ഞ സംവിധാനങ്ങളാണ് അഭികാമ്യം.
ALSO READ: തിരുവനന്തപുരം മെട്രോ ഡി.പി.ആർ അംഗീകാരം വൈകുന്നു; ഇനിയും എത്ര നാൾ?
നിർദ്ദിഷ്ട പാതയും സ്റ്റേഷനുകളും
മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മന്ത്ര റോഡ് – സാന്റോ ഗോപാലൻ റോഡ് ജംക്ഷനിൽ നിന്നാരംഭിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന റൂട്ടാണ് അദ്ദേഹം നിർദേശിച്ചിട്ടുള്ളത്. സാന്റോ ഗോപാലൻ റോഡ്, പി.ടി. ജേക്കബ് റോഡ്, ഗേറ്റ്‌വേ ഓഫ് കൊച്ചിൻ പാലം, പഴയ എൻ.എച്ച്-47, വെണ്ടുരുത്തി പാലം, പേരമാനൂർ വഴി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പഴയ റെയിൽവേ സൈഡിങ് അലൈൻമെന്റിലൂടെ നിലവിലുള്ള റെയിൽവേ ലൈനിന്റെ പടിഞ്ഞാറുഭാഗത്തുകൂടിയാണ് പാത സൗത്ത് സ്റ്റേഷനിലേക്ക് എത്തുന്നത്.
രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 10 സ്റ്റേഷനുകളാണ് വരുന്നത്. തൂണുകൾ തമ്മിൽ 200 മുതൽ 300 മീറ്റർ വരെ അകലമുണ്ടാകും. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ വഹിക്കാന്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 1,200 യാത്രക്കാരും 10 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ദിവസത്തില്‍ 12,000 യാത്രക്കാര്‍ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ മാതൃകയോ?
ഷാർജയിൽ വിജയകരമായി പ്രവർത്തിക്കുന്ന സ്‌കൈ മെട്രോ മാതൃക പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ അദ്ദേഹം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജയില്‍ സ്‌കൈ മെട്രോ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, സമാന സംവിധാനം കൊച്ചിയില്‍ എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു. പരമ്പരാഗത മെട്രോ, വാട്ടര്‍ മെട്രോ, സ്‌കൈ മെട്രോ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മെട്രോ അധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ കൊച്ചിക്ക് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary:
Metro Man E Sreedharan has proposed a 9-km Sky Metro corridor connecting Mattancherry to Ernakulam South Railway Station in Kochi, which could reduce travel time to just 15 minutes. The proposed system will use suspended passenger pods running along strong steel girders at speeds of 50–60 kmph.