Kochi Water Metro: ഇന്ന് ഈ റൂട്ടുകളില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് തടസപ്പെടും; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Kochi Water Metro service to be disrupted on 30-12-2025: ഇന്ന് വിവിധ റൂട്ടുകളില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വീസ് തടസപ്പെടും. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് കെഎംആര്‍എല്‍
കൊച്ചി: ഇന്ന് (ഡിസംബര്‍ 30) വിവിധ റൂട്ടുകളില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വീസ് തടസപ്പെടും. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് നടപടി.
അഞ്ച് മണിക്ക് ശേഷം സര്‍വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി വില്ലിംഗ്ടണ്‍ ഐലന്റ് സര്‍വീസ് തടസമില്ലാതെ നടത്തും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് മറൈന്‍ ഡ്രൈവില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുന്നത്. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
നിലവില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതും, മേല്‍പ്പാടം ചുണ്ടന്‍ രണ്ടാമതും, നിരണം ചുണ്ടന്‍ മൂന്നാമതം, നടുഭാഗം ചുണ്ടന്‍ നാലാമതും തുടരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടുന്ന ക്ലബിന് 25 ലക്ഷം രൂപ ലഭിക്കും. 15 ലക്ഷം രൂപയാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് കിട്ടുന്നത്. മൂന്നാമതെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും.
വാട്ടര്‍ മെട്രോയുടെ അറിയിപ്പ്
അതേസമയം, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാ ക്രമീകരണങ്ങളും വാട്ടര്‍ മെട്രോ പുറത്തുവിട്ടു. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍, ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടുകളില്‍ ഡിസംബര്‍ 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കുമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അറിയിച്ചു. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി വൈപ്പിന്‍ റൂട്ടുകളില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസ് നടത്തും. മറ്റ് റൂട്ടുകളിലെ സര്‍വീസില്‍ മാറ്റമില്ല.