AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു

Kollam Wife Murder Husband Arrested : കാറിലുണ്ടായിരുന്നത് താന്‍ സംശയിച്ച യുവാവല്ല എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പത്മരാജന്‍ ഓട്ടോയില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

Kollam Wife Murder: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്, ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു
പ്രതീകാത്മക ചിത്രം (image credits: Getty Images)
Jayadevan AM
Jayadevan AM | Updated On: 03 Dec 2024 | 11:20 PM

കൊല്ലം: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. യുവതിക്ക് 44 വയസായിരുന്നു പ്രായം. കൊല്ലം ചെമ്മാൻമുക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അനിലയുടെ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. പത്മരാജനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഒമ്‌നി വാനിലെത്തിയ പ്രതി അനിലയും സോണിയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയാണ് പെട്രോള്‍ ഒഴിച്ചത്. കൊലപാതകത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. ഏതാനും ദിവസമായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം അനില ഒരു ബേക്കറി ആരംഭിച്ചിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ബേക്കറിയിലെ ജീവനക്കാരനായിരുന്നു സോണി.

ALSO READ: Alappuzha Accident: ‘മുന്നിലെന്തോ ഉള്ളതുപോലെ തോന്നി, ഡിഫന്‍സായി വലത്തേക്ക് വെട്ടിച്ചു’; കാറോടിച്ച വിദ്യാര്‍ഥിയുടെ മൊഴി

ആശ്രാമം ഭാഗത്താണ് അനില ബേക്കറി നടത്തിയിരുന്നത്. അനീഷ് എന്ന യുവാവുമായി പാര്‍ട്ട്ണര്‍ഷിപ്പിലാണ് ബേക്കറി തുടങ്ങിയത്. ഈ പാര്‍ട്ട്ണര്‍ഷിപ്പ് പത്മരാജന് ഇഷ്ടപ്പെട്ടില്ല. അനീഷുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മുടക്കിയ പണം തിരികെ ലഭിച്ചാല്‍ ബേക്കറി വിടാമെന്ന് അനീഷും വ്യക്തമാക്കിയിരുന്നു. യുവാവിനൊപ്പമുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാറിലുണ്ടായിരുന്നത് താന്‍ സംശയിച്ച യുവാവല്ല എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പത്മരാജന്‍ ഓട്ടോയില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അനിലയും സോണിയും കാറില്‍ വരുന്നവഴി ചെമ്മാൻമുക്കില്‍ വച്ച് പത്മരാജന്‍ വാഹനം തടയുകയായിരുന്നു. പിന്നാലെ കൈയ്യിലുണ്ടായിരുന്ന പെട്രോള്‍ അനിലയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സോണിയുടെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ ഉടന്‍ സോണി കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടിയെന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ സോണി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വാഹനങ്ങളും കത്തി നശിച്ചു. പൊലീസും അഗ്നിശമനസേനയും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. അനിലയെ കൊലപ്പെടുത്താന്‍ പത്മരാജന്‍ നേരത്തെ തന്നെ വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.