Kollam-Ernakulam MEMU : കൊല്ലം-എറണാകുളം മെമു; പണികിട്ടിയത് കോട്ടയത്തെ യാത്രക്കാർക്ക്, രാജീവ് ചന്ദ്രശേഖർ യൂദാസെന്ന് കൊടിക്കുന്നിൽ സുരേഷ്
Kollam-Kottayam Service Ernakulam Extension Controversy : നിലവിൽ 2.40ന് കൊല്ലത്ത് നിന്നും ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 4.55 ഓടെ കോട്ടയത്ത് എത്തി ചേരും. 5.40ന് മടക്കയാത്ര ആരംഭിക്കും. എന്നാൽ ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയതോടെ കോട്ടയത്ത് നിന്നുള്ള സർവീസ് 6.45ന് ഉണ്ടാകൂ.

Kollam Ernakulam Memu Kodikunnil Suresh Vs Rajeev Chandrashekhar
കോട്ടയം : കൊല്ലം-കോട്ടയം മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയതിൽ വിമർശനവുമായി യാത്രക്കാർ. കോട്ടയം വഴി കൊല്ലം-എറണാകുളം പുതിയ സർവീസ് ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലഭിച്ചത് ഉള്ള സർവീസ് നീട്ടി നൽകിയത് മാത്രമാണ് റെയിൽവെ ചെയ്തെന്ന് യാത്രക്കാർ. റെയിൽവെയുടെ ഈ തീരുമാനം കോട്ടയം-കൊല്ലം യാത്ര കൂടുതൽ ദുരിതമാകുമെന്ന് യാത്രക്കാർ. അതേസമയം അഭിനവ യൂദാസ് ചമഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് കോട്ടയം-കൊല്ലം മെമു ഇല്ലാതാക്കിയതിന് പിന്നിൽ എന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
വൈകുന്നേരങ്ങളിൽ എറണാകുളം-കോട്ടയം യാത്രക്ലേശം ഇല്ലാതാക്കുന്നതിന് വേണ്ടി പുതിയ സർവീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഉത്തരവ് വന്നപ്പോൾ നിലവിലുള്ള കൊല്ലം-കോട്ടയം സർവീസ് നീട്ടി നൽകുക മാത്രമാണ് റെയിൽവെ ചെയ്തിരിക്കുന്നത്. എന്നാൽ ഈ തീരുമാനം കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കാൻ പോകുന്നത്. 3.20ന് പരശുറാം എക്സ്പ്രസ് പോയി കഴിഞ്ഞാൽ കോട്ടയത്ത് നിന്നുമുള്ള യാത്രക്കാർ ആശ്രയിച്ചിരുന്നത് കൊല്ലം മെമു ആയിരുന്നു. നിലവിൽ കോട്ടയത്ത് നിന്നുമെടുക്കുന്ന ഈ ട്രെയിൻ തിങ്ങി നിറഞ്ഞാണ് സർവീസ് നടത്തുന്നത്. എന്നാൽ സർവീസ് എറണാകുളത്തേക്ക് നീട്ടിയതോടെ ഇനി മുതൽ കോട്ടയത്ത് നിന്നുമുള്ള യാത്രക്കാർക്ക് മെമുവിനുള്ളിൽ പ്രവേശിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമാണെന്ന് യാത്രക്കാർ പറയുന്നു.
നേരത്തെ വൈകിട്ട് 5.45നായിരുന്നു കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് മെമു സർവീസ് ആരംഭിക്കുന്നത്. ഇനി എറണാകുളത്ത് നിന്നും ഈ ട്രെയിൻ വരുമ്പോൾ കോട്ടയത്തെ യാത്രക്കാർക്ക് ഒരു മണിക്കൂറും കാത്തിരിക്കേണ്ടി വരും. പുതിയ സമയക്രമം പ്രകാരം വൈകിട്ട് 6.45 ആണ് ട്രെയിൻ എറണാകുളത്ത് നിന്നും കോട്ടയത്ത് എത്തുക. കൂടാതെ വേണാടിൻ്റെ തിരക്ക് കുറയ്ക്കുന്നിതിന് വേണ്ടിയാണ് ഈ സർവീസ് എറണാകുളത്തേക്ക് നീട്ടിയതെങ്കിലും അതും പുതിയ സമയക്രമം പ്രകാരം കൂടുതൽ ബുദ്ധിമുട്ടെ സൃഷ്ടിക്കൂ. വൈകിട്ട് 5.15ന് എറണാകുളത്ത് നിന്നുമെടുക്കുന്ന വേണാട്, 6.27നാണ് കോട്ടയത്ത് എത്തി ചേരുന്നത്. ഈ ട്രെയിന് പിന്നാലെ പാസഞ്ചർ വരികെയുള്ള. അതിനാൽ കോട്ടയത്തുള്ള യാത്രക്കാർ വേണാട് എക്സ്പ്രസിലേക്ക് ഇടിച്ച് കയറാനാണ് സാധ്യതയേറെയും.
അതേസമയം കൊല്ലം-കോട്ടയം മെമു ഇല്ലാതാകാൻ കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. എറണാകുളം കൊല്ലം റൂട്ടിൽ പുതിയ റേക്ക് ആയിരുന്നു ആവശ്യപ്പെട്ടത്. ഇത് റെയിൽവെ സമ്മതിച്ചിരുന്നതാണ്. എന്നാൽ രാജീവ് ചന്ദ്രശേഖർ യൂദാസ് ചമഞ്ഞ് കൊല്ലം-കോട്ടയം മെമു ഇല്ലാതാക്കുകയായിരുന്നുയെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.