Koroor Thareeqath: കുടുംബത്തിൽ നിന്ന് വിലക്കി ഇസ്ലാം കൾട്ടായ കൊരൂർ ത്വരീഖത്ത്; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
Man Attempts Suicide Over Koroor Thareeqath Ostracism: കൊരൂർ ത്വരീഖത്ത് കൂടുതൽ കുരുക്കിലേക്ക്. കുടുംബവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

പ്രതീകാത്മക ചിത്രം
ഇസ്ലാം കൾട്ടായ കൊരൂർ ത്വരീഖത്ത് കുടുംബവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. മതസംഘടനയിൽ നിന്ന് തന്നെ പുറത്താക്കിയെന്നും അതുകൊണ്ട് ഭാര്യയും മക്കളും സംസാരിക്കുന്നില്ല എന്നും വെളിപ്പെടുത്തിയായിരുന്നു വയനാട് സ്വദേശിയായ മുജീവിൻ്റെ (42) ആത്മഹത്യാശ്രമം.
ഈ മാസം മൂന്നിനായിരുന്നു സംഭവം. വൈകിട്ട് 7.10ന് കിഴിശ്ശേരി ടൗണിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് ഇത് ആത്മഹത്യാശ്രമമാണെന്ന് തെളിഞ്ഞത്. കൊണ്ടോട്ടി പൊലിസെത്തി മുജീബിൻ്റെ മൊഴി രേഖപ്പെടുത്തി.
കൊരൂർ ത്വരീഖത്തിൻ്റെ ക്ലാസിൽ പങ്കെടുക്കാത്തതിന് തന്നെ സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് മുജീബ് പ്രതികരിച്ചു. സംഘടനയിൽ നിന്ന് പുറത്തുപോയാൽ ബന്ധുക്കളോട് പോലും സംസാരിക്കാനോ ബന്ധപ്പെടാനോ പാടില്ലെന്നാണ് നിയമം. ഇതോടെ ഉമ്മയും ഭാര്യയും മക്കളും തന്നോട് സംസാരിക്കാതെയായി. സംസാരിച്ചാൽ അവരെയും സംഘടനയിൽ നിന്ന് പുറത്താക്കും. തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്തു. തനിക്ക് പോകാൻ ഒരിടമില്ല. മരിക്കാതെ മറ്റൊരു വഴിയുമില്ല എന്നും മുജീബ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം കൊരൂർ ത്വരീഖത്തിനേതിരെ കിഴിശ്ശേരി സ്വദേശികളായ മൂന്ന് പേർ രംഗത്തുവന്നിരുന്നു. കല്ലൻ വീട്ടിൽ ഷിബ്‌ല, ലുബ്ന, ലുബ്നയുടെ ഭർത്താവ് റിയാസ് എന്നിവർ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി പരാതിനൽകുകയും ചെയ്തു. ഇതിന് പിന്നാലെ കൊരൂർ ത്വരീഖത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് എന്നയാൾ നേതൃത്വം നൽകുന്ന കൾട്ട് പ്രസ്ഥാനമാണ് കൊരൂർ ത്വരീഖത്ത്. സംഘടനയിൽ തങ്ങൾ മുൻപ് പ്രവർത്തിച്ചിരുന്നു എന്നും ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നതോടെ തങ്ങൾക്ക് സാമൂഹ്യ, മാനസിക പീഡനവും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരികയാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുജീബിൻ്റെ ആത്മഹത്യാശ്രമം.