Kottarakkara Accident: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരിക്ക്
Kottarakkara KSRTC Tanker Lorry Accident: വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉടൻ തന്നെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയും അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെയും ടാങ്കർ ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
കൊട്ടാരക്കര: കൊല്ലം – കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ വച്ച് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം (Kottarakkara Accident). ഒരേ ദിശയിൽ വന്ന രണ്ട് കെഎസ്ആർടിസി ബസുകളും എതിർദിശയിൽ എത്തിയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വയയ്ക്കലിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ ചങ്ങലയപകടം നടന്നത്.
കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും ഒരു ഓർഡിനറി ബസും എതിർദിശയിൽ നിന്ന് വന്ന ടാങ്കറുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, വയയ്ക്കലിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കാൻ ശ്രമത്തിനിടെയാണ് വലിയ അപകടം ഉണ്ടായത്.
ALSO READ: ആദിത്യയുടെ മരണം: ‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കലോ? പുസ്തകത്തിൽ കൊറിയൻ ഭാഷയിലും കുറിപ്പ്
ഈ സമയത്താണ് എതിർദിശയിൽ നിന്ന് ടാങ്കർ ലോറി എത്തിയത്. ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായ ഫാസ്റ്റ് പാസഞ്ചർ ബസ് നേരെ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉടൻ തന്നെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയും അവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.
അപകടത്തിൽ കെഎസ്ആർടിസി ബസിന്റെയും ടാങ്കർ ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെയും ടാങ്കർ ലോറി ഡ്രൈവറെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. അഗ്നിരക്ഷാ സേനയും പോലീസും വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.