Kerala Parrot Caging: കെണിവെച്ച് പിടിച്ച് കൂട്ടിലാക്കി… ഇപ്പോ ആപ്പിലായി; തത്തയെ വളർത്തിയ വീട്ടുടമസ്ഥനെതിരെ കേസ്
Kozhikode Parrot Caging Case: രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ശിക്ഷാർഹമാണ്. ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കോഴിക്കോട്: കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലാക്കി വീട്ടിൽ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ കേസ്. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽനിന്നാണ് ഇയാൾ തത്തയെ പിടികൂടിയതെന്നാണ് വിവരം. തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പാണ് കേസെടുത്തത്.
നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് തത്തയെ കണ്ടെത്തിയത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് കൂട്ടിലടച്ച് വളർത്തുകയായിരുന്നു തത്തയെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിനാണ് തത്തയെ കൂട്ടിലടച്ച് വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെകെ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെഎസ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്ന ഇനത്തിലെ തത്തകളാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ശിക്ഷാർഹമാണ്. ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.