കോഴിക്കോട് യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
Kozhikode youth found dead inside car: നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റിൽ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു...
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കവലമ്പാറ സ്വദേശിയായ ബിജോ ആണ് മരിച്ചത്. ഇയാൾക്ക് 36 വയസ്സായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ബിജോയെ പുറത്തെടുത്ത് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൊട്ടിൽപാലം ടൗണിന് സമീപത്തായിരുന്നു സംഭവം.
നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റിൽ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ദീർഘനേരം കഴിഞ്ഞിട്ടും യാതൊരു അനക്കവും ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ പരിസരവാസികളാണ് കാറിനടുത്ത് ചെന്ന് പരിശോധിക്കുകയായിരുന്നു.
കാറിന്റെ വാതിലുകൾ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് കാറിന്റെ ഗ്ലാസ് തകർത്ത് ബിജോയെ പുറത്തെടുക്കുകയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കാറിനകത്ത് നിന്ന് തന്നെ മരണം സംഭവിച്ചിരുന്നതാണ് സൂചന.
ബാംഗ്ലൂരിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ബിജോ ദിവസങ്ങൾക്ക് മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്. നിലവിൽ ബിജോയുടെ മരണത്തിൽ തൊട്ടിൽപാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.
പോറ്റിയെ കേറ്റിയേ ഗാനം; നാല് പേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്
‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തും. സൈബർ പോലീസാണ് കേസ് എടുത്തത്. ഗാനരചയിതാവും ഗായകനും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് കേസ്.
മതവികാരം വ്രണപ്പെടുത്തിയതിന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പാട്ടിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവർക്കെതിരെ കേസുണ്ട്. ഇവരെയെല്ലാം കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇന്റർനെറ്റ് വഴിയും നേരിട്ടും അയ്യപ്പഭക്തിഗാനത്തെയും ശരണമന്ദിരത്തെയും അപമാനിച്ചു എന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്.