5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KR Meera: ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാൽ പോലും…’; കെആർ മീരയുടെ പ്രസ്താവന വിവാദത്തിൽ

KR Meera Controversy: പ്രണയ, വിവാഹബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കെആർ മീര നടത്തിയ പ്രസ്താവന വിവാദത്തിൽ. ഷാരോൺ രാജ് വധവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളിൽ വിവാദമായിരിക്കുന്നത്. ഇതിൻ്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

KR Meera: ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാൽ പോലും…’; കെആർ മീരയുടെ പ്രസ്താവന വിവാദത്തിൽ
കെആർ മീരImage Credit source: Screengrab
abdul-basith
Abdul Basith | Published: 01 Feb 2025 17:00 PM

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവേ എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വിവാദത്തിൽ. ഷാരോൺ രാജ് വധവുമായി ബന്ധപ്പെട്ട് കൊലപാതകത്തെ തമാശയാക്കിയുള്ള സംസാരമാണ് വിവാദമായിരിക്കുന്നത്. ഒരു ബന്ധത്തിൽ നിന്നിറങ്ങിപ്പോവാൻ സ്ത്രീകൾക്ക് സമൂഹം അനുമതി നൽകാത്തപക്ഷം, അവൾ കുറ്റവാളി ആയേക്കാമെന്നും മീര പറയുന്നു. ഈ പ്രസ്താവനയിലൂടെ കൊലപാതകത്തെ നിസ്സാരവത്കരിച്ചെന്ന വിമർശനവും ഉയരുന്നുണ്ട്.

ഡിസി ബുക്സിൻ്റെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാം എഡിഷനിൽ സംസാരിക്കുകയായിരുന്നു കെആർ മീര. ‘പ്രണയത്തിൻ്റെ ഋതുഭേദങ്ങൾ’ എന്നതായിരുന്നു സെഷനിലെ ചർച്ചാവിഷയം. “ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാൽ പോലും…” എന്ന് പറഞ്ഞ് കെആർ മീര ചിരിക്കുകയാണ്. ഈ സമയത്ത് മോഡറേറ്റർമാരിൽ ഒരാളായ അമൽ ആർവിപിയും ചിരിക്കുന്നത് കാണാം. “ഒരു സ്ത്രീയ്ക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാൽ, ചിലപ്പോൾ അവളൊരു കുറ്റവാളി ആയേക്കാം. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നത് ഈ പറഞ്ഞ, എല്ലാം തികഞ്ഞ കാമുകൻ്റെ കടമയും കർത്തവ്യവുമാണ്. ആ കർത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം.”- കെആർ മീര തുടർന്ന് പറയുന്നു.

കെആർ മീര – ബെന്യാമിൻ
നേരത്തെ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി കെആർ മീരയെ വിമർശിച്ച് നോവലിസ്റ്റായ ബെന്യാമിൻ രംഗത്തുവന്നിരുന്നു. ബെന്യാമിൻ്റെ വിമർശനത്തിന് പിന്നാലെ കെആർ മീര ഇതിന് മറുപടിനൽകിയതോടെ രാഷ്ട്രീയക്കാരും പ്രതികരണവുമായെത്തി.

Also Read: Kaduthuruthy Marriage Fraud: സേവ് ദ ഡേറ്റിൽ അടി, കല്യാണം കഴിഞ്ഞ് സ്വർണവുമായി മുങ്ങി; യുവാവിനെ തപ്പി പോലീസ്

ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോൺഗ്രസിനും പങ്കുണ്ടെന്ന മട്ടിലായിരുന്നു കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘തുടച്ചു നീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ’ എന്ന ഈ പോസ്റ്റിന് മറുപടിയായി ബെന്യാമിനും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു.

കെ. ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മയാണിത് എന്നും ബെന്യാമിൻ കുറിച്ചു. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിനാണെന്ന് അറിയാതെയല്ല, അതറിഞ്ഞു കൊണ്ട് ഇങ്ങനെ എഴുതുന്നതാണ് അപകടം എന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മാധ്യമങ്ങളോടും ബെന്യാമിൻ ഇതേ വിമർശനമുന്നയിച്ചു. കെആർ മീര കോൺഗ്രസിനെ ഹിന്ദുമഹാസഭയുമായി കൂട്ടിക്കെട്ടിയെന്നും ഇത് ശരിയായ കാര്യമായി താൻ കരുതുന്നനില്ലെന്നും അദ്ദേഹം പറഞ്ഞു. അതിൽ വലിയ അപകടമുണ്ട്. ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ നിലനിൽക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ പോസ്റ്റിന് മറുപടിയായി കെആർ മീര വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായെത്തി. ബെന്യാമിൻ ഉപയോഗിച്ച ഭാഷയിൽത്തന്നെ താൻ മറുപടി പറയുന്നു എന്ന് തുടങ്ങിയാണ് മീര മറുപടി നൽകിയത്. ഗാന്ധിനിന്ദയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ, തൻ്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്ന് പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ട് എന്ന് മീര കുറിച്ചു. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതിയാണ്. തൻ്റെ നിലപാടുകൾക്ക് അന്നും ഇന്നും മാറ്റമില്ല. ഒരു രാഷ്ട്രീയപാർട്ടിയുടെയും അപ്പക്കഷ്ണങ്ങൾ മോഹിച്ച് താൻ പ്രസ്താവനകൾ നടത്തിയിട്ടുമില്ല. തന്നെ വിമർശിക്കുന്നതിലൂടെ കോൺഗ്രസുകാരെയും സംഘപരിവാറിനെയും സുഖിപ്പിച്ച് അവരിൽ നിന്നുള്ള അപ്പക്കഷ്ണങ്ങൾകൂടി പോരട്ടെ എന്നാണ് ബെന്യാമിന്റെ നിലപാട് എന്നുതോന്നുന്നു എന്നും കെആർ മീര ഫേസ്ബുക്കിൽ കുറിച്ചു. പിന്നാലെ വിടി ബൽറാം, ടി സിദ്ദിഖ്, റിജിൽ മാക്കുറ്റി തുടങ്ങിയ കോൺഗ്രസ് നേതാക്കളും വിഷയത്തിൽ പ്രതികരിച്ചു.