KSEB Power Crisis: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
സെപ്റ്റംബർ മാസത്തിലെ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിത അനുമതി നൽകിയിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂറുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നത് നിലവിലെ പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. വരുന്ന ഒക്ടോബർ മാസം മുതൽ സാധ്യമായ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും ദീർഘകാല കരാറുകളിലേക്ക് കടക്കുന്നതിനും ഉള്ള മാർഗങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
സെപ്റ്റംബർ മാസത്തിലെ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിത അനുമതി നൽകിയിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂറുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നത് നിലവിലെ പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.
മുൻകൂട്ടിയുള്ള ആസൂത്രണമില്ലായ്മ
പ്രതിസന്ധി മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണം നടത്താൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. കാര്യങ്ങൾ ഉടൻ കൺട്രോൾ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകുന്നതിൽ കടുത്ത ക്ഷാമമുണ്ടെന്നും രാജ്യത്തുടനീളം സാമഗ്രികളുടെ പ്രതിസന്ധിയുണ്ടെന്നുമാണ് അധികൃതരുടെ നിലപാട്. ഈ പശ്ചാത്തലത്തിൽ ദീർഘകാല വൈദ്യുതി കരാറുകളിൽ തീരുമാനമെടുക്കുന്നത് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങൾ ഇന്നത്തെ യോഗത്തിന് ശേഷം ഉണ്ടായേക്കുമെന്നാണ് വിവരം.