KSEB: കരണ്ട് പോയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കെഎസ്ഇബി ജീവനക്കാരെത്തും; കേരളത്തിലെ ഈ മൂന്ന് നഗരങ്ങളില്‍ ഇനി വൈദ്യുതി വിപ്ലവം
KSEB Modernizes Power Grid In Three Cities In Kerala: കേരളത്തിലെ വൈദ്യുതി വിതരണ രംഗത്ത് വൻ പരിഷ്‌കാരം. സ്കാഡ പദ്ധതിയിലൂടെ കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണം ഇനി ഹൈടെക് ആകും. ഫ്ളിസർ സാങ്കേതികവിദ്യയും സ്മാർട്ട് ഗ്രിഡും ഉപയോഗിച്ച് തകരാറുകള്‍ വളരെ പെട്ടെന്ന് പരിഹരിക്കും.

KSEB SCADA Project
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാനൊരുങ്ങി കെഎസ്ഇബി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ബോര്‍ഡ്. ഈ മൂന്ന് നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക സ്‌കാഡ എഡിഎംഎസ് (SCADA/ADMS) സംവിധാനത്തിലൂടെ പരിഷ്‌കരിക്കാന്‍ പദ്ധതി നടപ്പിലാക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
വിതരണ ശൃംഖല നവീകരണ പദ്ധതിയുടെ (RDSS) ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി രംഗത്ത് ഈ പദ്ധതി വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊല്ലം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലെ വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാകും.
തത്സമയ നിരീക്ഷണം
വൈദ്യുതി വിതരണ ശൃംഖലയെ സെക്കൻഡുകൾക്കുള്ളിൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സബ്‌സ്‌റ്റേഷന്‍, വിതരണ ശൃംഖല എന്നിവിടങ്ങളിലെ വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ സെന്ററുകളില്‍ കിട്ടും. ലൈനുകളിലെ തകരാറുകൾ കൺട്രോൾ റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും.
24 മണിക്കൂറും തത്സമയം 11 കെവി ഫീഡറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കെഎസ്ഇബിക്ക് സാധിക്കും. എവിടെയെങ്കിലും ലൈൻ കട്ടായാൽ നിമിഷങ്ങൾക്കുള്ളിൽ തകരാർ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.
ആ ഭാഗം മാത്രം വേർതിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ ഉടനടി വൈദ്യുതി പുനഃസ്ഥാപിക്കാനാകും. ‘ഫ്ളിസർ’ (FLISR) സാങ്കേതികവിദ്യയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിക്കായി 1915 റിംഗ് മെയിൻ യൂണിറ്റുകൾ, ഫീഡർ റിമോട്ട് ടെർമിനൽ യൂണിറ്റുകൾ, 1500-ഓളം ഫാൾട്ട് പാസ്സ് ഇൻഡിക്കേറ്ററുകൾ എന്നിവ സ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
കൺട്രോൾ സെന്റര്‍
പദ്ധതി നടപ്പിലാക്കുന്നതിനായി ഈ മൂന്ന് നഗരങ്ങളിലും ഓരോ സ്കാഡ കൺട്രോൾ സെന്റര്‍ സ്ഥാപിക്കും. ഇതില്‍ ഏതെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ ഡിസാസ്റ്റര്‍ റിക്കവറി സെന്ററിലൂടെ ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാനാകും. എറണാകുളത്താകും ഡിസാസ്റ്റര്‍ റിക്കവറി സെന്റര്‍ സ്ഥാപിക്കുന്നത്. കെ-ഫോൺ ഒപ്റ്റിക്കൽ ഫൈബർ, 4G/5G സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫീൽഡ് ഉപകരണങ്ങളും കൺട്രോൾ സെന്ററുകളും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കും.
പരാതിപ്പെടുന്നതിന് മുൻപേ പരിഹാരം
വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവ് വിളിച്ചു പറയുന്നതിന് മുൻപ് തന്നെ കൺട്രോൾ റൂമിൽ വിവരം അറിയാനാകും. അതുകൊണ്ട് തന്നെ ജീവനക്കാരെ വേഗത്തില്‍ അയച്ച് തകരാര്‍ പരിഹരിക്കാന്‍ കെഎസ്ഇബിക്ക് സാധിക്കും. 1912 കസ്റ്റമർ കെയറുമായി സ്കാഡ സംവിധാനം ബന്ധിപ്പിക്കും. വൈദ്യുതി എപ്പോൾ വരുമെന്ന കൃത്യമായ വിവരം ഉപഭോക്താക്കൾക്ക് ഈ സംവിധാനം വഴി ഉടൻ അറിയാൻ സാധിക്കും.
വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകുമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. ലൈനുകളിലെ വോൾട്ടേജ് വ്യതിയാനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് ആയി നടപ്പിലാക്കാനാകും. ഇതുവഴി സാങ്കേതികനഷ്ടം കുറയ്ക്കാന്‍ സാധിക്കും. ഒപ്പം ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനുമാകും.