KSRTC Tire Fell Off : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Thiruvananthapuram KSRTC Tire Fell Off incident : അപകടമുണ്ടാകുമ്പോൾ ബസിൽ ഡ്രൈവറെ കൂടാതെ നാല് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ടയർ ഊരിത്തെറിച്ച ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി സുരക്ഷിതമാക്കിയതിനാൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ടയർ ഊരിത്തെറിച്ചത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുന്നിലെ ഇടതുവശത്തെ ടയറാണ് റോഡിൽവെച്ച് അപ്രതീക്ഷിതമായി ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചതോടെ ബസ് ഒരൽപ്പം വെട്ടിത്തിരിഞ്ഞെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം നിയന്ത്രണം വീണ്ടെടുക്കാനായി.
ഊരിത്തെറിച്ച ടയർ റോഡിലൂടെ ഉരുണ്ട് പോയി തൊട്ടടുത്തുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഈ സമയം റോഡിൽ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
Also Read:കനത്ത മഴയിൽ വിളനാശം; ഹെൽപ്പ് ലൈനുകളും എഐഎം പോർട്ടലും തുറന്ന് സർക്കാർ
അപകടമുണ്ടാകുമ്പോൾ ബസിൽ ഡ്രൈവറെ കൂടാതെ നാല് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ടയർ ഊരിത്തെറിച്ച ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി സുരക്ഷിതമാക്കിയതിനാൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കാർ കുറവായതിനാലും ടയർ ഓടയിലേക്ക് പതിച്ചതുകൊണ്ടുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ബസ് റോഡരികിൽ നിർത്തിയിട്ടു. കെഎസ്ആർടിസി അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ടയർ ഊരിപ്പോകാൻ ഇടയായ കാരണം പരിശോധിച്ച് വരികയാണ്.