KSRTC : ബുക്ക് ചെയ്ത ബസ് വന്നില്ല, റീഫണ്ടും നൽകിയില്ല; 1003 രൂപ ടിക്കറ്റിന് കെഎസ്ആർടിസി നൽകിയത് 82,555 രൂപ നഷ്ടപരിഹാരം
KSRTC Compensation : പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി പ്രകാരമാണ് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകിയത്. പണം നൽകാതെ വന്നതോടെ കെഎസ്ആർടിസി എംഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കമ്മിഷൻ ഉത്തരവിട്ടിരുന്നു.
പത്തനംതിട്ട : റദ്ദാക്കിയ ബസ് സർവീസിന് ബുക്ക് ചെയ്ത ടിക്കറ്റ് റിഫണ്ട് ചെയ്യാത്തതിന് കെഎസ്ആർടിസി 82,555 രൂപ നഷ്ടപരിഹാരം നൽകി. മൈസൂരിലേക്ക് യാത്ര ചെയ്യാനായി കെഎസ്ആർടിസിയുടെ സ്കാനിയ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത അധ്യാപികയ്ക്കാണ് 82,555 രൂപ നഷ്ടപരിഹാരം നൽകിയത്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി എംഡി നഷ്ടപരിഹാര തുക അധ്യാപികയ്ക്ക് നൽകിയത്. നഷ്ടപരിഹാര തുക നൽകിയതോടെ പരാതിയിൽ കെഎസ്ആർടിസി എംഡി അറസ്റ്റ് ചെയ്യാനുള്ള നടപടി ഒഴിവായി.
സംഭവം നടന്നത് 2018ൽ
2018ൽ നടന്ന സംഭവത്തിനാണ് ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം പരിഹാരം കണ്ടെത്തിയിരിക്കുന്നത്. അടൂർ സ്വദേശിയും ചൂരക്കോട് എൻഎസ്എസ് സ്കൂൾ അധ്യാപികയുമായ പ്രിയ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ സമർപ്പിച്ച പരാതിയിലാണ് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. മൈസൂരിൽ പിഎച്ച്ഡി പഠനാവശ്യത്തിനായി പ്രിയ ഓഗസ്റ്റ് ഒന്നിന് കൊട്ടാരക്കരയിൽ നിന്നും രാത്രി 8.30ന് പുറപ്പെടുന്ന കെഎസ്ആർടിസിയുടെ സ്കാനിയ സർവീസ് ബുക്ക് ചെയ്യുകയായിരുന്നു. ജൂലൈ 29-ാം തീയതി ഓൺലൈൻ വഴിയാണ് പ്രിയ 1003 രൂപയ്ക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തത്.
അഞ്ച് മണിക്ക് തന്നെ അടൂരിൽ നിന്നും കൊട്ടാരക്കര ഡിപ്പോയിലെത്തി കാത്തിരുന്ന പ്രിയയ്ക്ക് ബസ് വരുമെന്ന് അറിയിപ്പ് രണ്ട് തവണ ലഭിച്ചിരുന്നു. എന്നാൽ ഒമ്പത് മണിയായിട്ടും ബസ് എത്താതെ വന്നതോടെ യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ബസ് സർവീസ് റദ്ദാക്കിയ വിവരം ലഭിച്ചത്. പകരം സർവീസ് ഇല്ലെന്നും കെഎസ്ആർടിസി അധ്യാപികയെ അറിയിക്കുകയും ചെയ്തു. പിന്നീട് കൊട്ടാരക്കരയിൽ നിന്നും ടാക്സിയിൽ സഞ്ചരിച്ച് രാത്രി 11.15ന് കായംകുളത്തെത്തി മറ്റൊരു ബസിൽ കയറിയാണ് പ്രിയ മൈസൂരിലേക്ക് പോയത്.
രാവിലെ എത്തേണ്ടിയിരുന്ന പ്രിയ ഏറെ വൈകിയാണ് മൈസൂരിലെത്തി ചേർന്നത്. താമസിച്ചെത്തിയതോടെ താൻ സന്ദർശിക്കേണ്ടിയുരുന്നു വ്യക്തിമായിട്ടുള്ള കൂടിക്കാഴ്ച പ്രിയയ്ക്ക് മാറ്റിവെക്കേണ്ടി വന്നു. ഇതെ തുടർന്ന് മൂന്ന് ദിവസം കൂടി പ്രിയ മൈസൂരിൽ ചിലവഴിച്ചു. അതിനുശേഷം കൂടിക്കാഴ്ച നടത്തിയാണ് അധ്യാപിക നാട്ടിലേക്ക് മടങ്ങിയത്.
റിഫണ്ട് നൽകാൻ തയ്യാറാകാതെ കെഎസ്ആർടിസി
ഇത്രയധികം ദുരതം അനുഭവിച്ചിട്ടും പരാതിക്കാരിക്ക് ബുക്ക് ചെയ്ത ടിക്കറ്റിൻ്റെ തുക റിഫണ്ട് ചെയ്ത് നൽകാൻ കെഎസ്ആർടിസി തയ്യാറായില്ല. തുടർന്ന് പ്രിയ കെഎസ്ആർടിസിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മിഷൻ ഇരുവരെയും വിസ്തരിച്ചപ്പോൾ തെറ്റ് കെഎസ്ആർിടിസുയെട ഭാഗത്താണ് കണ്ടെത്തി. തുടർന്ന് റിഫണ്ടും പരാതിക്കാരി അനുഭവിച്ച മറ്റ് ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരവും നൽകാൻ കെഎസ്ആർടിസിയോട് കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ നഷ്ടപരിഹാരം നൽകാൻ കെഎസ്ആർടിസി തയ്യാറായില്ല. തുടർന്ന് കമ്മിഷൻ കെഎസ്ആർടിസി എംഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വാറൻ്റ് പുറപ്പെടുവിക്കുകയും ചെയ്തു. അറസ്റ്റ് നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി എംഡി പ്രിയയ്ക്ക് നേരിട്ട് നഷ്ടപരിഹാരം തുക നൽകിയത്.