Wayanad Thamarassery Churam: വയനാട് താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതം പുനസ്ഥാപിക്കാൻ വൈകും
Landslide at Wayanad Thamarassery Churam : മണ്ണും പാറയും മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് വിമർശനമുയരുന്നുണ്ട്.
വയനാട് : താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകുന്നു. തിങ്കളാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ, ചൊവ്വാഴ്ച രാവിലെയും ഇതേ സ്ഥലത്ത് നേരിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.
മഴയും കനത്ത കോടമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. റോഡിലേക്ക് വീഴാൻ സാധ്യതയുള്ള പാറക്കഷണങ്ങൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമടിച്ച് താഴെയിടുന്നുണ്ട്. നിലവിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചിരിക്കുന്നതിനാൽ ലക്കിടിയിലും വൈത്തിരിയിലും നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. 20 മണിക്കൂറിലധികമായി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.
മണ്ണും പാറയും മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് വിമർശനമുയരുന്നുണ്ട്. മണ്ണുമാറ്റുന്നതിനുള്ള വാഹനങ്ങൾ കുറവായതാണ് പ്രധാന പ്രശ്‌നം. ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വീണ്ടും മണ്ണിടിഞ്ഞതും പ്രതികൂല കാലാവസ്ഥയും കാരണം ഇത് വൈകുമെന്നാണ് വിവരം. മണ്ണിടിച്ചിൽ നീക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കൂ എന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.