5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

M Pox: മലപ്പുറത്തെ വിട്ടൊഴിയാതെ പകര്‍ച്ചവ്യാധികള്‍; നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്‌

M Pox and Nipah in Malappuram: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്തേത്. വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.

M Pox: മലപ്പുറത്തെ വിട്ടൊഴിയാതെ പകര്‍ച്ചവ്യാധികള്‍; നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്‌
എം പോക്‌സ്‌ (smartboy10/Getty Images Creative)
shiji-mk
SHIJI M K | Updated On: 19 Sep 2024 09:07 AM

മലപ്പുറം: നിപയും എംപോക്‌സും സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിച്ചു. എംപോക്‌സ് സ്ഥിരീകരിച്ച എടവണ്ണ ഒതായി സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കികൊണ്ടിരിക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട് മാപ്പും ഉടന്‍ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ളവരില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടന്‍ പരിശോധനയ്ക്ക് അയക്കും. രോഗബാധിതനായ ആള്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്തേത്. വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളും ചികിത്സയും ഒരുക്കിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും എംപോക്‌സ് ചികിത്സ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Also Read: Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്

ദുബായില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. സെപ്റ്റംബര്‍ 16ാം തീയതി രാവിലെ മഞ്ചേരി ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ യുവാവ് ചികിത്സ തേടിയിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് സ്രവം സാമ്പിളെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.

അതേസമയം, മലപ്പുറത്ത് നിപ സംശയമുണ്ടായിരുന്ന പത്ത് പേരുടെ കൂടി ഫലം നെഗറ്റീവായി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ പരിചരണത്തിന് ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളുടെയും ഡോക്ടറിന്റെയും ഫലമാണ് നെഗറ്റീവായത്. ഇതോടെ ഇതുവരെ പരിശോധിച്ച 26 പേരുടെയും ഫലം നെഗറ്റീവായിട്ടുണ്ട്. കഴിഞ്ഞ ദിവസം 11 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 266 ആയി. ഇതില്‍ അഞ്ച് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്.

എന്താണ് എം പോക്‌സ് രോഗം?

1958ല്‍ ഡെന്‍മാര്‍ക്കില്‍ പരീക്ഷണങ്ങള്‍ക്കായുള്ള കുരുങ്ങുകളിലാണ് ആദ്യമായി മങ്കി പോക്‌സ് കണ്ടെത്തുന്നത്. എന്നാല്‍ 1970ല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഒമ്പതുമാസം പ്രായമായ കുട്ടിയിലാണ് ആദ്യമായി രോഗം മനുഷ്യരില്‍ സ്ഥിരീകരിക്കപ്പെടുന്നത്. വസൂരിക്ക് കാരണമാകുന്ന ഓര്‍ത്തോപോക്‌സ് വൈറസ് ജനുസില്‍പ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് വണ്‍, ക്ലേഡ് ടു എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളാണ് ഈ വൈറസിനുള്ളത്.

രോഗ ലക്ഷണങ്ങള്‍

 

  1. സ്ഥിരമായ ഉയര്‍ന്ന പനി
  2. പേശി വേദന
  3. തലവേദന
  4. വീര്‍ത്ത ലിംഫ് നോഡുകള്‍
  5. തണുപ്പ്
  6. നടുവേദന
  7. ക്ഷീണം

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ എം പോക്സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാം. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വെക്കുകയും വേണം. എംപോക്സ് ബാധിതനായ വ്യക്തിയുടെ വ്രണങ്ങളും തടിപ്പുകളും പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയമെടുക്കും

എന്താണ് നിപ?

ഹെനിപാ വൈറസ് ജീനസില്‍ ഉള്‍പ്പെടുന്ന നിപ വൈറസ് പാരാമിക്സ് വൈറിഡേ ഫാമിലിയിലെ ഒരംഗമാണ്. മാത്രമല്ല, ഇതൊരു ആര്‍എന്‍എ വൈറസ് കൂടിയാണ്. നിപ രോഗബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും ഈ രോഗം അതിവേഗം പകരും. വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന വെള്ളമോ വവ്വാല്‍ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ ഈ രോഗം മനുഷ്യരിലേക്കെത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Also Read: Nipah virus: നിപയില്‍ ആശ്വാസം: മലപ്പുറത്ത് മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 255 പേർ

രോഗ ലക്ഷണങ്ങള്‍

 

  1. പനിയും ശരീര വേദനയും
  2. ക്ഷീണം
  3. ചുമ
  4. തൊണ്ട വേദന

ഇതെല്ലാമാണ് പ്രാരംഭ ലക്ഷണങ്ങള്‍, എന്നാല്‍…

  1. ഛര്‍ദി
  2. സ്ഥലകാല ബോധമില്ലായ്മ
  3. മാനസിക വിഭ്രാന്തി
  4. അപസ്മാരം
  5. ബോധക്ഷയം
  6. ശ്വാസതടസം

എന്നിവ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഉണ്ടാകും. വേണ്ട ചികിത്സ തക്കതായ സമയത്ത് തന്നെ ലഭിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

മുന്‍കരുതലുകള്‍

 

  1. എന്‍95 മാസ്‌ക് ഉപയോഗിക്കുക
  2. സാമൂഹിക അകലം പാലിക്കാം
  3. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
  4. നിലത്ത് വീണതും ഏതെങ്കിലും ജീവികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്.
  5. വവ്വാലുകള്‍ ഉള്ള പ്രദേശങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
  6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക
  7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക.

Latest News