AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം

Malappuram Vettichira Toll Plaza: കാർ, ജീപ്പ് തുടങ്ങിയ ലഘു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയാണ് നിരക്ക്. എന്നാൽ 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതിയാകും.

Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
TollImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 30 Jan 2026 | 02:20 PM

വെട്ടിച്ചിറ: മലപ്പുറം ജില്ലയിലെ ദേശീയപാതയിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതൽ അധിക ചിലവ്. ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിൽ രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിച്ചു. ടോൾ പ്ലാസയുടെ സുഗമമായ പ്രവർത്തനത്തിനായി ജീവനക്കാരെ വിന്യസിച്ചും മെഷീനുകൾ പരിശോധിച്ചും വ്യാഴാഴ്ച ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു.

 

പ്രധാന നിരക്കുകൾ

 

കാർ, ജീപ്പ് തുടങ്ങിയ ലഘു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയാണ് നിരക്ക്. എന്നാൽ 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതിയാകും. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 235 രൂപയും മടക്കയാത്രയ്ക്ക് 365 രൂപയുമാണ്.

ALSO READ: കേരളത്തില്‍ ഇനി റാപ്പിഡ് റെയില്‍; അതിവേഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്താം

വലിയ വാഹനങ്ങളായ ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. വലിയ നിർമ്മാണ യന്ത്രങ്ങൾ (775 രൂപ), ഏഴിൽ കൂടുതൽ ആക്‌സിലുകളുള്ള വലിയ ലോറികൾ (945 രൂപ) എന്നിവയ്ക്കാണ് ഉയർന്ന നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

 

ഫാസ്‌ടാഗ് ഇല്ലെങ്കിൽ കനത്ത പിഴ

 

ഫാസ്‌ടാഗ് ഇല്ലാതെ ടോൾ പ്ലാസയിലെത്തുന്ന വാഹനങ്ങളിൽ നിന്ന് ടോൾ നിരക്കിന്റെ 125 മടങ്ങ് തുക ഈടാക്കുമെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇനി യുപിഐ സൗകര്യമില്ലാതെ പണമായാണ് നൽകുന്നതെങ്കിൽ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും. കൂടാതെ, ഫാസ്‌ടാഗ് അക്കൗണ്ടിൽ ചുരുങ്ങിയത് 400 രൂപയെങ്കിലും ഉണ്ടായിരിക്കണമെന്നും അടുത്ത ടോൾ പ്ലാസ കടന്നുപോകാനുള്ള പണം കൂടി മുൻകൂട്ടി അക്കൗണ്ടിൽ വേണമെന്നുമുള്ള നിബന്ധനകൾ യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 

പ്രാദേശിക യാത്രക്കാർക്കുള്ള ഇളവുകൾ

 

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും വാണിജ്യേതര വാഹനങ്ങൾക്കും ആശ്വാസമായി പ്രതിമാസ പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 340 രൂപ നൽകിയാൽ ഇവർക്ക് ഒരു മാസത്തേക്ക് പാസ് ലഭിക്കും. കൂടാതെ, മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്ത, നാഷണൽ പെർമിറ്റ് ഇല്ലാത്ത വ്യാവസായിക വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.

വാണിജ്യേതര വാഹനങ്ങൾക്ക് 3,000 രൂപ നൽകി വാർഷിക ഫാസ്‌ടാഗ് സ്വന്തമാക്കാം. ഇത് ഒരു വർഷക്കാലയളവിനുള്ളിലോ അല്ലെങ്കിൽ ദേശീയപാതയിലെ ഏതെങ്കിലും പ്ലാസകളിലൂടെയുള്ള 200 ക്രോസിംഗുകൾ പൂർത്തിയാകുന്നത് വരെയോ ഉപയോഗിക്കാൻ സാധിക്കും. പണമടച്ച് 24 മണിക്കൂറിനകം തിരികെ വരുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം ഇളവും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്.