RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
E Sreedharan Slams RRTS Project: ദീർഘദൂര യാത്രക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഈ പ്രഖ്യാപനത്തിന് പിന്നിൽ സർക്കാരിന് മറ്റ് ഉദ്ദേശങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു സ്റ്റണ്ട് മാത്രമാണിതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതുതായി പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയായ ആർആർടിഎസിനെതിരെ (RRTS) രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ (Metroman E Sreedharan). കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഈ പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും വെറുമൊരു “മണ്ടൻ പദ്ധതി” മാത്രമാണിതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കേരളത്തിൻ്റെ റെയിൽ ഗതാഗത മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ഇ ശ്രീധരന്റെ പുതിയ വെളിപ്പെടുത്തൽ. താൻ നിർദ്ദേശിച്ച അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. താൻ വിഭാവനം ചെയ്ത അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തന്നെ തിരുവനന്തപുരത്തേക്ക് ചർച്ചയ്ക്കായി വിളിച്ചു വരുത്തുകയും ചെയ്തു.
ALSO READ: കേരളത്തില്‍ ഇനി റാപ്പിഡ് റെയില്‍; അതിവേഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്താം
“പദ്ധതിയുടെ വിശദാംശങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കേരളത്തിന്റെ ഭാവി വികസനത്തിന് അതിവേഗ റെയിൽ പാത അനിവാര്യമാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് രണ്ടഭിപ്രായമില്ല.” – ഇ ശ്രീധരൻ വ്യക്തമാക്കി. വിവാദമായ കെ-റെയിൽ പദ്ധതി ഇനി കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ലെന്ന് ശ്രീധരൻ ആവർത്തിച്ചു. എന്നാൽ, അതിവേഗ റെയിൽ ഇല്ലാതെ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്ത് നൽകേണ്ടതുണ്ട്. ഇതിന് മുഖ്യമന്ത്രി സമ്മതം പ്രകടിപ്പിച്ചിരുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ചർച്ച കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും പദ്ധതിക്ക് അനുമതി തേടിക്കൊണ്ട് കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ നടപടികൾ വൈകിയതോടെ താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.
പദ്ധതിയുമായി മുന്നോട്ട് പോകാൻ താല്പര്യമുണ്ടെങ്കിൽ ഇതിന്റെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ഡിഎംആർസിയെ (DMRC) ഏൽപ്പിക്കാമെന്ന് താൻ കേന്ദ്രത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആർആർടിഎസ് മണ്ടത്തരമാണ്. അത് വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും, സാങ്കേതികമായി ഇത് കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.