ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Political Strategy Behind Vellappally’s Padma Bhushan: റി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കാനുള്ള ബിജെപിയുടെ തന്ത്രമാണോയെന്ന് സംശയിച്ച് യുഡിഎഫും എല്‍ഡിഎഫും.
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കാനുള്ള ബിജെപിയുടെ തന്ത്രമാണോയെന്ന് സംശയിച്ച് യുഡിഎഫും എല്‍ഡിഎഫും. ഈഴവ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്ന വിലയിരുത്തലിലാണ് ഇടതു, വലതു മുന്നണികള്‍.
കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനത്തോളം ഈഴവരാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വലിയ വോട്ടു ബാങ്കുമാണ് ഈഴവ സമുദായം. പരമ്പരാഗതമായി ഇതില്‍ വലിയൊരു വിഭാഗവും ഇടതു മുന്നണിയെ, പ്രത്യേകിച്ച് സിപിഎമ്മിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ അടിത്തറയില്‍ വിള്ളലുണ്ടാക്കാതെ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനാകില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം.
2024ല്‍ ചൗധരി ചരണ്‍ സിങിന് ഭാരത് രത്‌ന നല്‍കിയപ്പോള്‍ യുപിയിലെ ജാട്ട് സമുദായത്തിന്റെ വലിയ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നു. ഈ തന്ത്രമാണോ കേരളത്തിലും ബിജെപി പരീക്ഷിക്കുന്നതെന്നാണ് രാഷ്ട്രീയ എതിരാളികള്‍ സംശയിക്കുന്നത്. ‘നമ്പൂതിരി മുതൽ നായാടി വരെ’ എന്ന ഏകീകരണ മുദ്രാവാക്യമുയർത്തി വെള്ളാപ്പള്ളി നടത്തിയ ഇടപെടലുകളാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കലാശിച്ചത്.
നിലവില്‍ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറാണ് ബിഡിജെഎസിനെ നയിക്കുന്നതും. എന്നാല്‍ സിപിഎമ്മിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണച്ചുകൊണ്ടുള്ള നിലപാടുകളാണ് ഏറെനാളായി വെള്ളാപ്പള്ളി സ്വീകരിക്കുന്നത്.
എന്നാല്‍ പുതിയ നീക്കങ്ങളിലൂടെ എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്താനും, സമുദായ നേതാവിനെ ആദരിക്കുന്നതിലൂടെ ഈഴവ വോട്ടുകള്‍ അനുകൂലമാക്കി മാറ്റാനുമാണോ ബിജെപി ശ്രമിക്കുന്നതെന്ന ചോദ്യ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു ബാങ്കുകളിലടക്കം വിള്ളലുണ്ടായി. ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകാതെ തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെ കേരളത്തില്‍ കരുത്ത് വര്‍ധിപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.